തിരുവനന്തപുരം: മറ്റ് ജില്ലകൾക്ക് വാരിക്കോരി കൊടുത്തപ്പോൾ, ബഡ്‌ജറ്റിൽ തലസ്ഥാന ജില്ലയ്ക്ക് കിട്ടിത് അവഗണന മാത്രം. ഒരു പദ്ധതിയും പ്രഖ്യാപിച്ചില്ലെന്നു മാത്രമല്ല, നിലവിലുള്ള പദ്ധതികളുടെ വിപുലീകരണത്തിന് വിഹിതവും നൽകിയില്ല. കൊച്ചിക്ക് 6000 കോടി, കുട്ടനാടിന് 2400 കോടി, വയനാടിന് 1000 കോടി രൂപ എന്നിങ്ങനെ പ്രഖ്യാപിച്ചപ്പോഴാണ് തലസ്ഥാനത്തിന് അടിസ്ഥാന വികസന പാക്കേജ് പ്രഖ്യാപിക്കാതിരുന്നത്.
ഭരണസിരാകേന്ദ്രം തിരുവനന്തപുരമാണെങ്കിലും സർക്കാരുകൾക്ക് മറ്റ് ജില്ലകളോടാണ് താത്പര്യമെന്ന ആരോപണത്തിന് ബലം നൽകുന്നതാണ് തോമസ് ഐസക്കിന്റെ ബഡ്‌ജറ്റ്. ഐ.ടി, തുറമുഖം, കാർഷികം, മത്സ്യബന്ധന മേഖലയിലടക്കം ഏറെ നിക്ഷേപ പദ്ധതികൾക്ക് ഊർജം പകരുന്ന പ്രഖ്യാപനത്തിന് ചെവിയോർത്തിരുന്ന തലസ്ഥാന നിവാസികളെ ബഡ്‌ജറ്റ് നിരാശപ്പെടുത്തി. ഇതിനെതിരെ എല്ലാമേഖലയിൽ നിന്നും പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
ബഡ്ജറ്റ് തിരിഞ്ഞുനോക്കാത്ത പദ്ധതികൾ
വിഴിഞ്ഞം തുറമുഖം
ലൈറ്റ് മെട്രോ
വിമാനത്താവളം
ടെക്നോപാർക്ക്
മത്സ്യബന്ധന തുറമുഖം
പൂവാർ കപ്പൽശാല
കരമന- കളിയിക്കാവിള റോഡ് വികസനം
കെ.എസ്.ആർ.ടി.സി സി.എൻ.ജി ബസ് ടെർമിനൽ
ബസ്‌പോർട്ട്
ബഡ്ജറ്റിലെ കണ്ണ്പൊത്തിക്കളി
തിരുവനനന്തപുരത്തിന്റെ പദ്ധതികളെയെല്ലാം കണ്ടില്ലെന്നു നടിക്കുന്നതാണ് ഈ ബഡ്‌ജറ്റ്. വിഴിഞ്ഞം പദ്ധതി ഇപ്പോൾ ഇഴഞ്ഞു നീങ്ങുകയാണ്. വിഴിഞ്ഞം മുതൽ പാരിപ്പള്ളി വരെയുള്ള ഔട്ടർ റിംഗ് റോഡ്, നിർദ്ദിഷ്ട ബാലരാമപുരം- വിഴിഞ്ഞം റെയിൽവേ പാതയ്ക്കൊപ്പം ബാലരാമപുരം- വിഴിഞ്ഞം റോഡിന്റെ വികസനം എന്നീ പദ്ധതികളും കണ്ടില്ലെന്നു നടിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനായി 18 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആവശ്യമുള്ള 275 കോടി ബഡ്‌ജറ്റിൽ നീക്കി വച്ചിട്ടില്ല. നിസ്സാൻ അടക്കമുള്ള വൻകിട കമ്പനികൾ തിരുവനന്തപുരത്തെ വിമാനത്താവളത്തിന്റെ വികസനം വൈകുന്നതിൽ നേരത്തെ ആശങ്ക അറിയിച്ചിരുന്നു.
7500 കോടി രൂപ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്ന ലൈറ്റ് മെട്രോയെ തീർത്തും അവഗണിച്ചു. വർഷങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ച പൂവാർ കപ്പൽശാലയെ മറന്നു. ആറ്റുകാൽ ടൗൺഷിപ്, തൈക്കാട്–വഴുതക്കാട് നാലുവരിപ്പാത വികസനം, വഴുതക്കാട്-ജഗതി റോഡ് വികസനം, സ്റ്റാച്യു–ജനറൽ ഹോസ്പിറ്റൽ-വഞ്ചിയൂർ റോഡ് വികസനം, ആമയിഴഞ്ചാൻ തോട് നവീകരണം എന്നിവയ്‌ക്കൊന്നും ബഡ്ജറ്റിൽ തുകയില്ല. 2017-18 ബഡ്ജറ്റിൽ കിഫ്ബിയിലുൾപ്പെടുത്തി പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന അട്ടക്കുളങ്ങര മേൽപാലം നിർമ്മാണം, ശംഖുംമുഖം–വേളി റോഡ് വികസനം എന്നീ പദ്ധതികൾ ഇതുവരെ തുടങ്ങാനായിട്ടില്ല. പ്രഖ്യാപിച്ച പദ്ധതികൾക്ക് പലതിനും അനുവദിച്ചത് ടോക്കൺ തുക മാത്രം. പ്രതിപക്ഷ എം.എൽ.എമാരുടെ മണ്ഡലങ്ങളെ അവഗണിച്ചതായും ആക്ഷേപമുണ്ട്.
പാടേ അവഗണിച്ചു
ബഡ്ജറ്റ് പാടേ അവഗണിച്ച തിരുവനന്തപുരത്തെ പരമ്പരാഗത മേഖലകൾ
കൈത്തറി
കയർ
മത്സ്യമേഖല
(മത്സ്യമേഖലയ്ക്ക് സംസ്ഥാനത്താകെ ആയിരം കോടി പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.)
കൊച്ചിക്ക് വിധിച്ചതും
നമ്മുക്ക് നിഷേധിച്ചതും
►കൊച്ചിയിൽ പരിസ്ഥിതി സൗഹൃദവും സംയോജിതവുമായ നഗരഗതാഗത പദ്ധതിക്ക് 3025 കോടി
► തിരുവനന്തപുരത്തിന് അങ്ങനെയൊരു പദ്ധതി ഇല്ല
► കൊച്ചിയിൽ സംയോജിത ജലഗതാഗത സംവിധാനത്തിന് 682 കോടി
► തിരുവനന്തപുരത്ത് അങ്ങനെയാരു സംവിധാനം ഇല്ലെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ച ബസ് പോർട്ട് പദ്ധതിക്ക് ഒരു രൂപയും ഇല്ല
►കൊച്ചിയിൽ നടപ്പാതയും സൈക്കിൾ ട്രാക്കും ഉൾപ്പെടുന്ന മെട്രോസോൺ പദ്ധതിക്ക് 239 കോടി
►തിരുവനന്തപുരത്ത് ബൈപ്പാസ്, ദേശീയ പാത വികസനങ്ങൾക്ക് അനുബന്ധമായി പോലും ഇതേ മാതൃകയിലുള്ള പദ്ധതിയില്ല.
►കൊച്ചിയിൽ വ്യവസായ വികസനത്തിന് 45.8 കോടി
► തിരുവനന്തപുരത്തിന് ഈ വകയിൽ വട്ടപൂജ്യം