തിരുവനന്തപുരം: തപസ്യ കലാസാഹിത്യ വേദി 44ാം വാർഷികോത്സവത്തിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തുടക്കമായി. ആത്മസത്ത തേടിയുള്ള ഒരു അന്തർജലീ യാത്രയാണ് തപസ്യയെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു.
കുഗ്രാമത്തിൽപോലും ടൈ കെട്ടി പള്ളിക്കൂടത്തിൽ പോകുന്ന കുട്ടികളെ കേരളത്തിൽ കാണാം. അവർക്ക് ഇംഗ്ലീഷ് റൈമുകൾ അറിയാം. കാക്കയുടെയും പൂച്ചയുടെയും കഥ അറിയില്ല. വൈക്കം മുഹമ്മദ് ബഷീറിനെ അറിയില്ല. വ്യാസനെയും വാത്മീകിയെയും അറിയില്ല. തപസ്യയുടെ ദൗത്യം ദേശത്തെ സംസ്‌കൃതിയെ തലമുറകളിലേക്ക് പകർത്തുകയാണെന്ന് സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു.
ചരിത്രത്തോട് ഭാരതീയ സമൂഹം ചെയ്ത സന്ധിയുടെ സമയം കഴിഞ്ഞു പോയെന്ന് അദ്ധ്യക്ഷത വഹിച്ച തപസ്യ സംസ്ഥാന അദ്ധ്യക്ഷൻ മാടമ്പ് കുഞ്ഞുക്കുട്ടൻ ഓർമ്മിപ്പിച്ചു. മുഗളർ മുതൽ ബ്രിട്ടീഷുകാർ വരെയുള്ളവരുടെ ചരിത്രമാണ് നമുക്കുള്ളത്. നമ്മുടെ ചരിത്രം പഠിക്കാൻ ആ ആയിരം കൊല്ലത്തിനുമപ്പുറത്തേക്ക് നമ്മൾ കടന്നു പോകണമെന്ന് മാടമ്പ് പറഞ്ഞു.
തനത് സംസ്‌കൃതിയും കലയുമാണ് എല്ലാ സൃഷ്ടികളുടെയും ആധാരമെന്ന് മുഖ്യാതിഥി ആയ പ്രശസ്ത സംഗീത സംവിധായകൻ രമണി ഭരദ്വാജ് പറഞ്ഞു. വൈവിദ്ധ്യമാണ് നമ്മുടെ സംസ്‌കാരം. ബഹിരാകാശത്തുനിന്ന് ഭാരതത്തെ നോക്കിയപ്പോൾ എന്തു തോന്നിയെന്ന അന്നത്തെ പ്രധാനമന്ത്രിയുടെ ചോദ്യത്തിന് സാരേ ജഹാം സേ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ എന്നായിരുന്നു രാകേഷ് ശർമ്മയുടെ മറുപടി എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.