minister-thomas-isaac

തിരുവനന്തപുരം: കുട്ടനാട് ഉപതിരഞ്ഞെടുപ്പും തദ്ദേശഭരണ തിരഞ്ഞെടുപ്പും അടുത്തെത്തി നിൽക്കെ, ബഡ്ജറ്റിലെ 'നികുതിഭാരം' അടക്കമുള്ള നിർദ്ദേശങ്ങൾക്കെതിരെ പ്രക്ഷോഭത്തിന് കെ.പി.സി.സി നീക്കം. എയ്ഡഡ് സ്കൂളുകളുടെ നിയമനത്തിന് നിയന്ത്രണമേർപ്പെടുത്താനും ഉദ്യോഗസ്ഥ പുനർവിന്യാസത്തിനുമുള്ള ബഡ്ജറ്റിലെ നിർദ്ദേശങ്ങൾ ഇരുതലമൂർച്ചയുള്ള ആയുധങ്ങളായി കോൺഗ്രസ് നേതൃത്വം കാണുന്നു.

സാമുദായിക, സർവീസ് സംഘടനകളിൽ നിന്നുയരാനിടയുള്ള എതിർപ്പ് ശബരിമല വിഷയത്തിന് ശേഷം ഇടതുമുന്നണിക്ക് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് പ്രതിപക്ഷം. ബഡ്ജറ്റ് വിലയിരുത്താനും സമര പരിപാടികൾ ആലോചിക്കാനുമായി നാളെ കെ.പി.സി.സി ഭാരവാഹികളുടെ അടിയന്തരയോഗം ഇന്ദിരാഭവനിൽ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ചു.

ഐസക് ചെലവ് ചുരുക്കലിന് ഏറ്റവും കർക്കശമായ ഇടപെടലിന് തുനിഞ്ഞത് ഇത്തവണയാണ്. അതിന്റെ സൂചനയാണ് എയ്ഡഡ് സ്കൂൾ നിയമന നിയന്ത്രണത്തിനും ഉദ്യോഗസ്ഥ പുനർവിന്യാസത്തിനുമുള്ള തീരുമാനങ്ങൾ. എതിർപ്പുകളെ മറികടന്ന് അതെത്രത്തോളം പ്രാവർത്തികമാക്കാനാകുമെന്നത് ചോദ്യമാണ്. പൗരത്വവിഷയത്തിൽ ഇടത് പ്രക്ഷോഭങ്ങളെ ശക്തമായി തുണച്ച മുസ്ലിം ന്യൂനപക്ഷവിഭാഗത്തെയും ശബരിമല വിഷയം തൊട്ട് ഇടതിനോട് ഇടഞ്ഞുനിൽക്കുന്ന എൻ.എസ്.എസിനെയും ഒപ്പം ക്രൈസ്തവസഭകളെയും ഒരുപോലെ സ്വാധീനിക്കാൻ പോന്നതാണ് എയ്ഡഡ് നിയമന നിയന്ത്രണ തീരുമാനം.

സമുദായ സംഘടനകളെ പരമാവധി ഒപ്പം നിറുത്തി വിഷയത്തിലിടപെടാനുള്ള ശ്രമമാകും പ്രതിപക്ഷം നടത്തുക. ഉദ്യോഗസ്ഥ പുനർവിന്യാസം സർവീസ് സംഘടനകളിൽ എതിർപ്പുളവാക്കും. പുനർവിന്യസിച്ചു കഴിഞ്ഞാൽ നിയമന നിരോധനത്തിന് സാദ്ധ്യതയുള്ളതു കൊണ്ട് യുവജനങ്ങളെയും സ്വാധീനിക്കുമെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു.

ആധാരം പണയം വയ്ക്കുന്നതിന് രജിസ്ട്രേഷൻ നിർബന്ധമാക്കൽ, പോക്കുവരവ് ഫീസ്, ലൊക്കേഷൻമാപ്പിന് ഫീസ് വർദ്ധന എന്ന് തുടങ്ങി ജനത്തെ നേരിട്ട് ബാധിക്കുന്ന പുതിയ നികുതി നിർദ്ദേശങ്ങളും ഉയർത്തിയാവും കോൺഗ്രസ് സമരം.