വിതുര:കത്തി പടരുന്ന മകരചൂടിന്റെ ആധിക്യംമൂലം നട്ടംതിരിയുന്ന ഗ്രാമവാസികൾക്ക് ഇപ്പോൾ വൈദ്യുതിവകുപ്പിന്റെയും ജലവകുപ്പിന്റെയും കനത്തശിക്ഷകൂടി ഏറ്റുവാങ്ങേണ്ട അവസ്ഥയാണ്. ഒരുമാസമായി മലയോരമേഖലയിലെ മിക്ക പഞ്ചായത്തുകളും കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. കുടിനീരിനായി നട്ടം തിരിഞ്ഞിട്ടും യാതൊരു നടപടികളും സ്വീകരിക്കാതെ പഞ്ചായത്തുകൾ കൈമലർത്തുന്ന സ്ഥിതിവിശേഷമാണ് നിലവിൽ. കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അനവധി പ്രതിഷേധങ്ങൾ നടത്തിയിട്ടും അധികൃതർക്ക് അനക്കമില്ല. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ഭൂരിഭാഗം കിണറുകളും ഇതിനകം വറ്റികഴിഞ്ഞു. നദികളുടെ അവസ്ഥയും വിഭിന്നമല്ല. പഞ്ചായത്തിലെ മിക്ക ഭാഗങ്ങളിലേക്കും പൈപ്പ് ലൈൻ കടന്നു വന്നിട്ടില്ല. നിലവിലുള്ള ലൈനുകളിലാകട്ടെ ജലം അപൂർവമായാണ് എത്തുന്നത്.

രണ്ട് പഞ്ചായത്തുകളിലെയും മിക്ക ഭാഗത്തും വെള്ളം കിട്ടാതായതോടെ ഉപയോഗമില്ലാത്ത ടാപ്പുകൾ നോക്കുകുത്തികളായി നിൽക്കുകയാണ്. മുൻപ് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ടപ്പോൾ ടാങ്കർ ലോറികളിൽ യഥേഷ്ടം ശുദ്ധജലം വിചരണം നടത്തിയിരുന്നു. എന്നാൽ ഇൗ വർഷം ഇതുവരെ ജലവിതരണം നടത്തിയിട്ടില്ല. ശുദ്ധജലം ക്ഷാമം രൂക്ഷമായതോടെ കിലോമീറ്ററുകൾ താണ്ടി നദികളിൽ നിന്നും മറ്റും ജലം ശേഖരിക്കുന്നത്. എന്നാൽ നദികളിലും നീരൊഴുക്ക് ഗണ്യമായി കുറഞ്ഞത് നാട്ടുകാർക്ക് തിരിച്ചടിയായിമാറി. മാത്രമല്ല നീരൊഴുക്ക് കുറഞ്ഞതോടെ വാമനപുരം നദിയുടെ മിക്കഭാഗവും മലിനപ്പെട്ട നിലയിലാണ്. പേപ്പാറ ഡാമിന്റെ അവസ്ഥയും വിഭിന്നമല്ല.

കടുത്തചൂട്മൂലം നട്ടം തിരുയുന്ന ജനത്തിന് തിരിച്ചടിയായി വൈദ്യുതിവകുപ്പിന്റെ ഇരുട്ടടിയുമുണ്ട്. പവർകട്ട് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും മുന്നറിയിപ്പും കാരണവും കൂടാതെ അനവധി തവണ വൈദ്യുതി വിതരണം തടസപ്പെടുവാൻ തുടങ്ങിയിട്ട് ഒരാഴ്ചയാകുന്നു. മാത്രമല്ല, ചില മേഖലകളിൽ രൂക്ഷമായ വോൾട്ടേജ് ക്ഷാമവും നേരിടുന്നുണ്ട്. വൈദ്യുതി ഒാഫീസുകളിൽ പരാതിക്കാരുടെ പ്രളയമാണ്. വൈദ്യുതി വിതരണത്തിലെ വ്യതിയാനം നിമിത്തം ഇലക്ട്രകിക് ഉപകരണങ്ങൾ കേടാകുന്നതായും പരാതിയുണ്ട്.