വെളളറട : മലയോരത്തെ വിറപ്പിച്ച് തെരുവുനായ്ക്കൾ പ്രദേശം കീഴടക്കിക്കഴിഞ്ഞു.വർഷം തോറും ഇവയുടെ എണ്ണം വർദ്ധിക്കുന്നതല്ലാതെ ഇവയെ നിയന്ത്രിക്കാനുള്ള സംവിധാനം ഇനിയുമായിട്ടില്ല. സന്ധ്യയ്ക്ക് പോലും പുറത്തിറങ്ങാനാകാത്തവിധം നായ്ക്കൾ പെറ്റുപെരുകിയിരിക്കുകയാണ്. ഇവയെ തീറ്റിപ്പോറ്റുന്നതാകട്ടെ മാലിന്യ നിക്ഷേപകരും. റോഡിലുപേക്ഷിക്കുന്ന മാലിന്യം ഭക്ഷിക്കാനായി ഒത്തുകൂടുന്ന ഇവറ്റകൾക്ക് പേവിഷബാധയുണ്ടോയെന്നു പോലും അറിയാത്ത അവസ്ഥയാണ്.

ഗ്രാമപഞ്ചായത്തുകളിൽ തെരുവ് നായ്ക്കളെ പിടികൂടിയിട്ട് വർഷങ്ങൾ കഴി‌ഞ്ഞു. ഇവയുടെ കടിയേൽക്കുന്നവരും നിരവധിയാണ് ഏറ്റവും അധികം നായ്ക്കൾ ഒത്തുകൂടുന്നത് റോഡുവക്കിലെ മാംസ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലങ്ങളിലാണ്. ഇതുവഴി നടന്നുപോകാൻപോലും നാട്ടുകാർക്ക് പേടിയാണ്. ഇരു ചക്രവാഹന യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. വാഹനങ്ങൾക്ക് കുറുകെ ചാടുന്നതുകാരണം മിക്കപ്പോഴും അപകടങ്ങളും സംഭവിക്കുന്നു. നായ്ക്കളുടെ ക്രമാതീതമായ വർദ്ധനവ് തടയാൻ പെൺപട്ടികളെ പിടികൂടി വദ്ധ്യംകരണ ശസ്ത്രക്രിയ ചെയ്യാൻ നടപടി എടുത്തിരുന്നുവെങ്കിലും നടപ്പിലായില്ല.

നായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തിര നടപടിയുണ്ടായില്ലെങ്കിൽ ഇവയുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കും. ഇവയുടെ കടിയേൽക്കുന്നവരുടെ എണ്ണവും പെരുകുന്നു.സ്കൂൾ പരിസരങ്ങളിൽ നായ്ക്കളുടെ ശല്യം കൂടിയതോടെ വിദ്യാർത്ഥികളും ഭീതിയിലാണ്. ഇവയെ നിയന്ത്രിക്കാൻ എന്തെങ്കിലും നടപടിവെണമെന്ന് ആവശ്യ പ്പെട്ട് സ്കൂൾ അധികൃതരും നിവേദനവുമായി ഗ്രാമപഞ്ചായത്ത് അധികൃതരെ സമീപിച്ചിറ്റുണ്ട്.