തിരുവനന്തപുരം: സ്വാതന്ത്ര്യ ലംഘനം മരണ തുല്യമാണെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു . ഇന്ത്യൻ അസോസിയേഷൻ ഒഫ് ലായേഴ്സ് എട്ടാം സംസ്ഥാന സമ്മേളനം അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തി സ്വാതന്ത്ര്യത്തിന് കോട്ടം വരുമ്പോൾ ആളുകൾ അഭിഭാഷകരെ സമീപിക്കുന്നു. നല്ല അഭിഭാഷകനില്ലാതെ ജഡ്ജിക്ക് വിധിയെഴുതാൻ സാധിക്കില്ലെന്നും നല്ലൊരു അഭിഭാഷകനാകണമെങ്കിൽ ജീവിത അനുഭവങ്ങളും പരീക്ഷണങ്ങളും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐ.എ.എൽ സംസ്ഥാന പ്രസിഡന്റ് പി.എ.അസീസ് അദ്ധ്യക്ഷനായി. ദേശീയ കമ്മിറ്റി സെക്രട്ടറി എ.ജയശങ്കർ മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ്ബാബു, കെ.പി.രാജേന്ദ്രൻ, സംഘാടകസമിതി ചെയർമാൻ ജി.ആർ.അനിൽ എന്നിവർ സംസാരിച്ചു.