പാലോട് : 57-മത് പാലോട് കാർഷിക കലാമേളയുടെ വേദിയിൽ, കെയർ ഹോം പദ്ധതി പ്രകാരം പാലോട് സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മേളയുടെ ഭാഗമായുള്ള വിനോദസഞ്ചാര വാരാഘോഷവും മന്ത്രി ഉദ്‌ഘാടനം ചെയ്തു. ആദ്യകാല കർഷകരെ ആദരിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി കലാമേള ഉദ്‌ഘാടനം ചെയ്തു. ഡി.കെ.മുരളി എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ബ്ലോക്ക് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, സഹകരണ ബാങ്ക് പ്രസിഡന്റ് എ.എ. റഷീദ്, പി.ചിത്രകുമാരി, എ.ഇബ്രാഹിംകുഞ്ഞ്, പേരയം ശശി, എ.എം. അൻസാരി, ഇ.ജോൺകുട്ടി, എം.ഷിറാസ്ഖാൻ തുടങ്ങിയവർ സംസാരിച്ചു. ശാസ്ത്രരംഗത്തെ മികച്ച സംഭാവനയ്ക്ക് എൽ.പി.എസ്.സി ഡയറക്ടർ ഡോ.വി.നാരായണനെ ആദരിച്ചു. സമകാലീന രാഷ്ട്രീയവും ചരിത്രബോധവും എന്ന വിഷയത്തിലെ സെമിനാർ ഡോ.ബി.ബാലചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. കെ.ജെ. കുഞ്ഞുമോൻ അദ്ധ്യക്ഷനായി. ദിശാബോധമുള്ള ഉപരിപഠനത്തെ ആസ്പദമാക്കിയുള്ള സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. എൽ.സാജന്റെ അദ്ധ്യക്ഷതയിൽ എസ്.പി. മണികണ്ഠൻ, എം.പി. വേണുകുമാർ തുടങ്ങിയവർ സംസാരിച്ചു. ദർശന സ്‌കൂൾ മാനേജർ ദർശന ജി.ശശിധരൻ നായരെയും പ്രിൻസിപ്പൽ മോഹനകുമാരി അമ്മയെയും ആദരിച്ചു. പത്മശ്രീ നേടിയ ലക്ഷ്മിക്കുട്ടി അമ്മയെ കുറിച്ച് സംവിധായകൻ മനോജ് പാലോടൻ തയ്യാറാക്കിയ ഡോക്യുമെന്ററി 'വൈദ്യരമ്മ", നാടകകൃത്ത് ഷെരീഫ് പാങ്ങോട് തയ്യാറാക്കിയ കല്ലറ - പാങ്ങോട് സമരത്തിന്റെ ഡിജിറ്റൽ ദൃശ്യാവിഷ്കാരം എന്നിവ മേളയുടെ പ്രധാനവേദിയിൽ പ്രദർശിപ്പിച്ചു.
വനിതകളുടെയും കുട്ടികളുടെയും രാത്രിനടത്തം മേള നഗരിയെ ശ്രദ്ധേയമാക്കി. വനിത ശിശുക്ഷേമ വകുപ്പും നന്ദിയോട്, പെരിങ്ങമ്മല ഗ്രാമപഞ്ചായത്തുകളും ചേർന്നു സംഘടിപ്പിച്ച രാത്രി നടത്തത്തിൽ നിരവധി വനിതകൾ മെഴുകുതിരി തെളിച്ച് പങ്കെടുത്തു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.ഡി.പി.ഒ കവിത, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജയശ്രീ, സി.ഡി.എസ് ചെയർപേഴ്‌സൺ ബീനസുരേഷ്, രാധാജയപ്രകാശ്, ലതിക തുടങ്ങിയവർ നേതൃത്വം നൽകി. അങ്കണവാടി, കുടുംബശ്രീ, ആശാ പ്രവർത്തകരും വിദ്യാർത്ഥിനികളും അണിനിരന്നു.