തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിലും ബറ്റാലിയനുകളിലും ആഴ്ചയിൽ ഒരിക്കൽ നടത്തുന്ന പരേഡ് ഇനിമുതൽ പൊതുസ്ഥലങ്ങളിൽ സംഘടിപ്പിക്കും. പൊലീസിന്റെ ജനമൈത്രി പ്രവർത്തനങ്ങൾ ആകർഷകമാക്കുന്നതിനാണിതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ അറിയിച്ചു.
തിരുവനന്തപുരം സിറ്റി പൊലീസിലേയും വിവിധ ജില്ലകളിലുമുള്ള എല്ലാ ബറ്റാലിയനുകളിലേയും പൊലീസ് ബാന്റ് സംഘം ഇനിമുതൽ ആഴ്ചയിൽ ഒരുദിവസമെങ്കിലും പൊതുസ്ഥലത്ത് ബാന്റ് വാദ്യം സംഘടിപ്പിക്കും. കൂടുതൽ കുട്ടികളും നാട്ടുകാരും ബാന്റ് മേളം കാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പട്രോളിംഗിനും മറ്റുമായി കുതിര പൊലീസിന്റെ സേവനം ഉപയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാർ ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലത്ത് മാസത്തിലൊരിക്കൽ പൊലീസ് നായ്ക്കളുടെ പ്രദർശനം നടത്താനും ഡി.ജി.പി നിർദ്ദേശിച്ചു.