തിരുവനന്തപുരം: നിരന്തര മൂല്യനിർണയം കാര്യക്ഷമമല്ലെന്നു പറഞ്ഞ് പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊണ്ടുവരുന്ന ഡസർട്ടേഷൻ (പഠനാന്വേഷണ രേഖ) മൂല്യനിർണയം അശാസ്ത്രീയവും കുട്ടികളെ ദുരിതത്തിലാക്കുന്നതുമാണെന്ന് വിലയിരുത്തൽ.
രണ്ടു വർഷം കൊണ്ട് ഒരു വിദ്യാർത്ഥി 6 ഡസർട്ടേഷനുകൾ പൂർത്തിയാക്കണം. പി.ജി തലത്തിൽപ്പോലും ഒരു ഡസർട്ടേഷൻ മാത്രം ചെയ്യുമ്പോഴാണിത്. കുട്ടികളിൽ മാനസിക സമ്മർദ്ദം കൂട്ടാനേ ഇതുപകരിക്കൂ.
ഓരോ വിഷയത്തിലും ഒന്നാം വർഷത്തെയും രണ്ടാം വർഷത്തെയും പാഠഭാഗവുമായി ബന്ധപ്പെട്ട ടോപ്പിക് ആണ് ഡസർട്ടേഷന് നൽകേണ്ടത്. പത്താം ക്ലാസ് കഴിഞ്ഞെത്തുന്നവർ അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ് അടക്കമുള്ള വിഷയങ്ങൾ പുതിയതായി പഠിക്കുകയാണ്. ഇത് ഡസർട്ടേഷൻ നല്ല രീതിയിൽ ചെയ്യുന്നതിന് തടസമാകും.
ഡസർട്ടേഷൻ നൽകേണ്ടത്
ഒന്നാം വർഷ ക്ലാസ് തുടങ്ങുന്ന മാസം തന്നെ ഓരോ വിഷയത്തിനും ഡസർട്ടേഷനുള്ള ടോപ്പിക് അദ്ധ്യാപകൻ തിരഞ്ഞെടുത്ത് നൽകണം. വിദ്യാർത്ഥി ആദ്യവർഷം സംഗ്രഹം തയ്യാറാക്കണം. പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി രേഖപ്പെടുത്തി 10 മാർക്ക് ഒന്നാംവർഷം നൽകണം. രണ്ടാം വർഷം സമ്പൂർണ പ്രബന്ധം സമർപ്പിക്കണം.
മൂല്യനിർണയം രണ്ടാകും
ഇപ്പോൾ നിരന്തര മൂല്യനിർണയത്തിന് നൽകുന്ന 20 % മാർക്ക് രണ്ടായി വിഭജിച്ച് 10% നിലവിലെ രീതിക്കും,10% ഡസർട്ടേഷനും നൽകും. ഇംഗ്ലീഷും ഉപഭാഷയും ഉൾപ്പെടെ ആറ് വിഷയങ്ങളാണ് ഇരു വർഷവും പഠിക്കാനുള്ളത്. 40 മാർക്കാണ് നിരന്തര മൂല്യനിർണയത്തിനാണ് നൽകിവന്നിരുന്നത്. ഇനിയത് നിരന്തര മൂല്യനിർണയത്തിന് 20 മാർക്കും ഡസർട്ടേഷന് 20 മാർക്കുമായി മാറും.
'യാതൊരു പഠനവും നടത്താതെ നടപ്പാക്കുകയാണ്. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അമിതഭാരവും സമ്മർദ്ദവുമാകും ഫലം".
- എസ്.മനോജ്, ജനറൽ സെക്രട്ടറി, എ.എച്ച്.എസ്.ടി.എ