തിരുവനന്തപുരം: മലയാള ഭാഷയെ സാങ്കേതിക വിദ്യാ സൗഹൃദമാക്കുന്നതിലെ മികവിനായി മലയാളം മിഷൻ ഏർപ്പെടുത്തിയ പ്രഥമ മലയാള ഭാഷാ പ്രതിഭാ പുരസ്‌കാരത്തിന് ഐസിഫോസിനെ തിരഞ്ഞെടുത്തു. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സംസ്ഥാന ഐ.ടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ ഐസിഫോസിന്റെ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ക്രിയാത്മക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ, സി-ഡിറ്റ് സാങ്കേതിക വിദഗ്ദ്ധൻ ബിജു, പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ സലിൻ മാങ്കുഴി, സ്റ്റേറ്റ് ഐ.ടി മിഷൻ പ്രതിനിധി അരുൺ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്.