kudumbashree

തിരുവനന്തപുരം:സ്ത്രീശാക്തീകരണ ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ 1550 കോടി രൂപ വിവിധ പദ്ധതികൾക്കായി ബഡ്ജറ്റിൽ വകയിരുത്തിയത് കുടുംബശ്രീക്ക് പുത്തൻ ഉണർവാകും. 250 കോടി രൂപ സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റ് വിഹിതമായും റീബീൽഡ് കേരള പദ്ധതിയുടെ ഭാഗമായി ഉപജീവന സംരംഭങ്ങൾക്കായി 200 കോടിയും ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയോജന പദ്ധതികൾ വഴിയുള്ള ധനസഹായം ഉൾപ്പെടെ 600 കോടി രൂപയാണ് കുടുംബശ്രീയുടെ ഈ വർഷത്തെ ബഡ്ജറ്റ്. ഇതിനു പുറമേ കുടുംബശ്രീ മുഖേന നഗരമേഖലയിൽ നടപ്പാക്കി വരുന്ന 950 കോടി രൂപയുടെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതി തുക കൂടി ഉൾപ്പെടുത്തുമ്പോഴാണ് 1550 കോടിയാകുന്നത്.

അയൽക്കൂട്ട വനിതകൾക്കായി നാലു ശതമാനം പലിശയ്ക്ക് 3000 കോടി രൂപയുടെ വായ്പ ലഭ്യമാക്കുന്നതാണ് ഏറ്റവും പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. ഇത് കുടുംബശ്രീയുടെ കീഴിൽ സ്വയംതൊഴിൽ സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും സഹായകരമാകും. കുടുംബശ്രീ ചിട്ടികൾ ആരംഭിക്കുന്നതാണ് മറ്റൊരു ശ്രദ്ധേയമായ പദ്ധതി. 45 ലക്ഷം വനിതകളിൽ സമ്പാദ്യശീലം വളർത്താൻ പദ്ധതി ഉപകരിക്കും.

25 രൂപയ്ക്ക് ഊണു നൽകുന്ന 1000 ഭക്ഷണശാലകൾ കുടുംബശ്രീ വഴിയാണ് ആരംഭിക്കുന്നത്. ഇതിനായി 20 കോടി രൂപ വകയിരുത്തും. നിരവധി കാന്റീൻ -കാറ്ററിംഗ് യൂണിറ്റുകൾക്ക് തൊഴിലവസരമൊരുങ്ങും. ബഡ്ജറ്റ് പ്രഖ്യാപനം അനുസരിച്ച് പ്രതിദിനം 30,000/- രൂപ ടേണോവറുള്ള 50 ഹോട്ടലുകളും 5000 പുതിയ തൊഴിൽ സംരംഭങ്ങളും പ്രവർത്തനം തുടങ്ങും.
കോഴിക്കോട് ജില്ലയിൽ വിജയംനേടിയ ഹോംഷോപ്പ് മാതൃക എല്ലാ ജില്ലകളിലും ആരംഭിക്കും. കുടുംബശ്രീ ഉത്പന്നങ്ങൾ പ്രാദേശികമായി തന്നെ വിറ്റഴിക്കുന്നതിനുള്ള വിപണനമാർഗമാണിത്.
ഹരിതകർമസേനകളുമായി യോജിച്ച് 1000 ഹരിത സംരംഭങ്ങൾ, കുടുംബശ്രീ മുഖേന എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകൾ ആരംഭിക്കുക എന്നിവയാണ് ശ്രദ്ധേയമായ മറ്റു രണ്ട് പദ്ധതികൾ. 500 ടോയ്‌ലെറ്റ് കോംപ്ലക്സുകളുടെ നടത്തിപ്പും കുടുംബശ്രീ ഏറ്റെടുക്കും.
കുടുംബശ്രീ മുഖേന കാർഷിക മൃഗസംരക്ഷണ മേഖലയെ ശക്തിപ്പെടുത്തുന്നതിനു ബഡ്ജറ്റിൽ പ്രത്യേക പരിഗണന നൽകുന്നു. ഇതിന്റെ ഭാഗമായി 20,000 ഏക്കറിൽ ജൈവസംഘക്കൃഷി ആരംഭിക്കും. കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി 200 ഔട്ട്‌ലെറ്റുകൾ കൂടി സംസ്ഥാനത്ത് തുറക്കും. നൂറിലേറെ വനിതകൾക്ക് ഇതിലൂടെ തൊഴിലവസരമൊരുങ്ങും.