anandu

കാട്ടാക്കട: നെയ്യാർ വനമേഖലയിൽ ട്രക്കിംഗിനെത്തിയ ഫിസിയോതെറാപ്പിസ്റ്റ് മുങ്ങി മരിച്ചു. വെഞ്ഞാറമൂട് പിരപ്പൻകോട് കൈതറ ശിവസരസിൽ മുരളീധരൻ നായർ - ഷീനാകുമാരി ദമ്പതികളുടെ മകൻ എം.എസ്.അനന്ദു (25) ആണ് മരിച്ചത്. സംഭവത്തെപ്പറ്റി നെയ്യാർഡാം പൊലീസ് പറയുന്നത്: ട്രക്കിംഗിനായിട്ടാണ് അനന്ദുവും സഹോദരൻ അനുചന്ദും ഉൾപ്പെടുന്ന 9 അംഗസംഘം ഇന്നലെ നെയ്യാർ വനമേഖലയിലെത്തിയത്. രാവിലെ വനംവകുപ്പിന്റെ ബോട്ടിൽ ഫോറസ്റ്റ് ഗൈഡുമായി കൊമ്പൈയിൽ എത്തിയ ഇവർ ഇവിടെ നിന്നും കാൽനടയായി മീൻമുട്ടിയിലെത്തി. തുടർന്ന് ഉച്ചയോടെ മീൻമുട്ടി വെള്ളച്ചാട്ടത്തിന് സമീപത്ത് അനന്ദുവും സഹോദരനും കുളിക്കാനിറങ്ങി. കുളിക്കുന്നതിനിടയിൽ നീന്തലറിയാത്ത അനന്ദുവിനെ വെള്ളത്തിൽ കാണാതാവുകയായിരുന്നു. സഹോദരൻ ബഹളം വച്ചപ്പോൾ കൂടെയുണ്ടായിരുന്നവർ വെള്ളത്തിലിറങ്ങി അനന്ദുവിനെ കരയ്ക്കെടുത്ത് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇയാളെയും എടുത്ത് ഇവർ ആറ് കിലോമീറ്ററോളം ദൂരം നടന്ന് മൊബൈൽ റെയിഞ്ചുള്ള സ്ഥലത്തെത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് ഫോറസ്റ്റ് അധികൃതർ വാഹനത്തിലെത്തി 4.30ഒാടെ ആര്യനാട് ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെയ്യാർഡാം പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്ക്കരിക്കും.കഴക്കൂട്ടത്ത് ട്രിവാൻഡ്രം സർജിക്കൽ സെന്റർ എന്ന പേരിൽ ഫിസിയോ തെറാപ്പി സെന്റർ നടത്തുകയായിരുന്ന അനന്ദു സ‌ത്‌സാദന എന്ന യോഗാ സമിതിയുടെ പ്രധാന പ്രവർത്തകനായിരുന്നു. ട്രക്കിംഗ് സംഘത്തിലെ മറ്റ് അംഗങ്ങളുടെയും അനന്ദുവിന്റെ പിതാവിന്റെയും മൊഴി നെയ്യാർഡാം പൊലീസ് രേഖപ്പെടുത്തി.