photo

നെടുമങ്ങാട്: കല്ലമ്പാറയിൽ സ്കൂട്ടർ അപകടത്തിൽ മരിച്ച നെട്ട കുന്നുംപുറത്ത് വീട്ടിൽ അഖിലയുടെ (37) ഏക മകൻ എട്ടാം ക്ലാസ് വിദ്യാർത്ഥി ശ്രീഹരി ഋഷികേശിന്റെ (12) പഠനച്ചെലവ് നെടുമങ്ങാട് നഗരസഭ കൗൺസിലർമാരും ജീവനക്കാരും ചേർന്ന് വഹിക്കും. ശ്രീഹരി ഋഷികേശിന്റെ പിതാവ് ബിജു 11 വർഷം മുൻപ് രോഗ ബാധിതനായി മരണപ്പെട്ടിരുന്നു. വാടക വീട്ടിൽ മകനോടൊപ്പം കഴിഞ്ഞിരുന്ന അഖിലക്ക് പ്രധാനമന്ത്രി ആവാസ് യോജനാ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ അനുവദിച്ച വീടിന്റെ പണികൾ പാതി വഴിയിലാണ്. കഴിഞ്ഞ 28ന് തിരുവനന്തപുരം -ചെങ്കോട്ട ദേശീയപാതയിൽ നെടുമങ്ങാട് കല്ലമ്പാറയിലുണ്ടായ അപകടത്തിലാണ് അഖില മരിച്ചത്. ഹൃദയ വാൽവുകളും അനുബന്ധ ഭാഗങ്ങളും തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലുള്ള ഒരു കുരുന്നിന് ദാനം ചെയ്തിരുന്നു. കേരളകൗമുദി ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ വാർഡ് കൗൺസിലർ കെ.ജെ. ബിനു നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ഇരുവരും അഖിലയുടെ മകൻ ശ്രീഹരി ഋഷികേശ് താമസിക്കുന്ന വാടക വീട് സന്ദർശിക്കുകയും ചെയ്തു. നഗരസഭയുടെ മേൽനോട്ടത്തിൽ വീട് പണി പൂർത്തീകരിച്ച് നൽകാനും പഠന ചെലവ് വഹിക്കാനും ചെയർമാൻ മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ മുന്നോട്ടുവച്ച നിർദേശം അംഗങ്ങൾ ഒന്നടങ്കം അംഗീകരിക്കുകയായിരുന്നു.