തിരുവനന്തപുരം: 'കേരളകൗമുദി' ഓൺലൈനിലൂടെ ലഭിക്കുന്ന ശബ്ദരൂപ വാർത്തയ്ക്ക് കാഴ്ച അന്യമായ സമൂഹത്തിന്റെ അംഗീകാരവും ആദരവും.
കാഴ്ച പരിമിതരുടെയും ഭിന്ന ശേഷിക്കാരുടെയും ക്ഷേമത്തിനും ഉന്നമന്നത്തിനും ആയി പ്രവർത്തിക്കുന്ന 'അക്ഷരനാദം ഫൗണ്ടേഷൻ, വാർത്തകൾ ശബ്ദരൂപത്തിൽ എത്തിക്കുന്ന ആദ്യ ദിനപത്രമായ കേരളകൗമുദിയെ ഉപഹാരം നൽകി ആദരിച്ചു. ഗവ. വിമെൻസ് കോളേജിൽ നടന്ന അക്ഷരനാദത്തിന്റെ വാർഷിക കുടുംബ സംഗമ ചടങ്ങിൽ വച്ചായിരുന്നു ഉപഹാരസമർപ്പണം. അക്ഷരനാദം സംയോജകൻ രജനീഷ് എസ്.എസിൽ നിന്നു കൗമുദി ടി.വി ന്യൂസ് ഹെഡ് ഗോപീകൃഷ്ണൻ ഉപഹാരം ഏറ്റുവാങ്ങി. നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽഖാൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ചവർക്ക് അവാർഡുകൾ വിതരണം ചെയ്തു. ഗവൺമെന്റ് വനിതാ കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. ഉമാജ്യോതി അദ്ധ്യക്ഷ ആയിരുന്നു. അക്ഷരനാദം ഫൗണ്ടേഷൻ അദ്ധ്യക്ഷൻ കെ.ആർ. രഘുനാഥൻ നായർ, വനിതാ കോളേജ് വൈസ് പ്രിൻസിപ്പൽ അനില .ജെ.എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് സർക്കാർ അന്ധ വിദ്യാലയത്തിലെ കുട്ടികളും അക്ഷരനാദം കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.