തിരുവനന്തപുരം: ഉചിതമായ രത്നക്കല്ല് ധരിച്ചില്ലെങ്കിൽ ദോഷം വരുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പകരം രത്നക്കല്ല് വാങ്ങാനും പൂജ നടത്താനും ആൾക്കാരിൽ നിന്ന് സ്വർണവും പണവും വാങ്ങി തട്ടിപ്പ് നടത്തിവന്ന ആൾ പിടിയിൽ. മുക്കോലയ്ക്ക് സമീപമുള്ള അപ്പാർട്ട്മെന്റിൽ താമസിക്കുന്ന അജിത്ത് കുമാർ .പി.എസ് (55) ആണ് അറസ്റ്റിലായത്. സൈന്യത്തിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
പരാതിക്കാരി ധരിച്ചിരുന്ന പച്ചകല്ല് പതിച്ച മോതിരം കാരണം ഭർത്താവിന് അപകടവും മക്കൾക്ക് തീപിടിത്തത്തിൽ പൊള്ളലേൽക്കുമെന്നും ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ഉചിതമായ രത്നക്കല്ല് വാങ്ങിനൽകാമെന്ന് പറഞ്ഞ് ആളുകളുടെ കൈയിലുണ്ടായിരുന്ന മോതിരവും സ്വർണാഭരണങ്ങളും പണവും വാങ്ങിയ ശേഷം മുങ്ങുകയാണ് ഇയാളുടെ രീതി. ശാസ്ത്രജ്ഞർ അടക്കമുള്ളവർ തട്ടിപ്പിന് ഇരയായതായി പൊലീസ് പറഞ്ഞു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്വർണാഭരണങ്ങൾ ബാങ്കിൽ പണയം വച്ചതിന്റെ രസീതുകൾ തുടങ്ങിയവ കണ്ടെടുത്തു.
കന്റോൺമെന്റ് അസിസ്‌റ്റന്റ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം ഐ.എസ്.എച്ച്.ഒ ജി.പി.സജുകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഗോപീചന്ദ്രൻ, എസ്.എസ്.ഐ മനോജ്, സീനിയർ സി.പി.ഒമാരായ ശ്രീജിത്ത്, സിബി, സി.പി.ഒ പ്രിയ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്.