പിരപ്പൻകോട്: നെയ്യാറിന്റെ ആഴങ്ങളിൽ മുങ്ങിത്താണത് ഒരു ഗ്രാമത്തിന്റെ പ്രതീക്ഷ.കഴിഞ്ഞ ദിവസം വിനോദയാത്രയ്ക്കിടെ നെയ്യാറിലെ മീൻമുട്ടിയിൽ മുങ്ങിമരിച്ച അനന്തുവിന്റെ വിയോഗം പിരപ്പൻകോട്ടുകാരെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. പിരപ്പൻകോട് കൈതറ ശിവസരസിൽ മുരളിധരൻ നായർ- ഷീനാകുമാരി ദമ്പതികളുടെ മകൻ അനന്തു (26)വും അനുജൻ അനുചന്തുവും അടങ്ങുന്ന ഒൻപതംഗ സംഘം കഴിഞ്ഞ ദിവസം രാവിലെ 5 മണിയോടെയാണ് വിനോദയാത്രയ്ക്ക് പുറപ്പെട്ടത്. ഉച്ചയോടെ നെയ്യാറിൽ എത്തിയ സംഘം ഉച്ചഭക്ഷണത്തിനുശേഷം മീൻമുട്ടിയിൽ കുളിക്കാൻ ഇറങ്ങി. കുളിക്കുന്നതിനിടയിൽ കയത്തിൽ അകപ്പെട്ട അനന്തുവിനെ ഗൈഡിന്റെ സഹായത്തോടെ പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടിൽ എന്തു പരിപാടിക്കും മുന്നിൽ നിൽക്കുന്ന അനന്തുവിന് ജീവകാരുണ്യ പ്രവർത്തനങ്ങളോടായിരുന്നു കൂടുതൽ താത്പര്യം. കഴക്കൂട്ടത്ത് ട്രിവാൻഡ്രം സർജിക്കൽ സെന്റർ എന്ന പേരിൽ ഫിസിയോ തെറാപ്പി സെന്റർ നടത്തുന്ന അനന്തു അവധി ദിനങ്ങളിലും വിശേഷ ദിവസങ്ങളിലും വീടിനടുത്ത് സൗജന്യ ചികിത്സയും യോഗാ ക്ലാസും സംഘടിപ്പിച്ചിരുന്നു. വാർദ്ധക്യത്തിന്റെ അവശത അനുഭവിക്കുന്നവരെ വീട്ടിലെത്തി പരിചരിക്കുമായിരുന്നു. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ കലാ, സാമൂഹിക, സാംസ്കാരിക, ആരോഗ്യ മേഖലയിൽ നിറഞ്ഞു നിന്ന അനന്തുവിന്റെ വിയോഗം നാട്ടുകാരെയാകെ കണ്ണീരിലാഴ്ത്തുന്നതായി.