തിരുവനന്തപുരം: അഹങ്കാരം ഉപേക്ഷിക്കുകയും എളിമ ശീലിക്കുകയും ചെയ്യണമെന്ന് മാതാ അമൃതാനന്ദമയി. അമൃതോത്സവത്തിന്റെ ഭാഗമായുള്ള സത്‌സംഗിൽ സംസാരിക്കുകയായിരുന്നു അവർ. ആരുടെ മുമ്പിലും തല കുനിക്കാൻ തയ്യാറാകാത്തതാണ് നമ്മുടെ പ്രശ്നം. ഇത്തരം ചിന്താഗതി മറ്റുള്ളവരെക്കാൾ നമുക്കാണ് നഷ്ടമുണ്ടാക്കുക. മറ്റുള്ളവർ നമ്മുടെ ഇഷ്ടത്തിന് വഴങ്ങണമെന്നും വിട്ടുവീഴ്ച ചെയ്യാൻ സ്വയം തയ്യാറല്ലെന്നതുമെന്നാണ് നമ്മുടെ നിലപാട്. എന്നാൽ അഹന്തയ്ക്കും അഹംഭാവികൾക്കും ഏറെനാൾ നിലനിൽക്കാനാകില്ലെന്നതാണ് സത്യം. അത്തരക്കാർക്ക് ഒരിക്കലും സന്തോഷമുണ്ടാകില്ല. എല്ലാവരും രാജാവാകാൻ ശ്രമിച്ചാൽ അവിടെ യുദ്ധം മാത്രമെ നടക്കുകയുള്ളൂ. അഹങ്കാരം വെടിഞ്ഞ് ഈശ്വരനെ കേന്ദ്രബിന്ദുവായി കാണുകയാണ് വേണ്ടത്. അതോടെ നമ്മൾ ഈശ്വരന്റെ നിഴലായി മാറും. ഞാൻ എന്ന ഭാവം മാറി ഈശ്വരാനുഗ്രഹം നമ്മിലേക്ക് എത്തുകയും ചെയ്യും. ത്യാഗവും നിസ്വാർത്ഥതയും പരിശീലിക്കുമ്പോഴാണ് ജീവിതം നമുക്കും മറ്റുള്ളവർക്കും സുഖകരമായ അനുഭവമായി മാറുന്നതെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.