കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ അട്ടിമറിച്ചു എന്ന ഭരണസമിതിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി.പി.എം നാവായിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. രവീന്ദ്രനുണ്ണിത്താനും, കുടവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. സുധീറും പ്രസ്താവിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2019 - 20 ലെ പദ്ധതികൾക്ക് മാർച്ചിൽ തന്നെ ഡി.സി.പി അംഗീകാരം നൽകുകയും പ്രവർത്തികൾ നടന്നുവരികയുമാണ്. ഇപ്പോൾ 2020-21 പദ്ധതി രൂപവത്കരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഈ അവസരം മുതലാക്കി 2019 - 20 അംഗീകാരം ലഭിച്ച ചില പദ്ധതികൾക്ക് അഴിമതിയും നിക്ഷിപ്ത താത്പര്യങ്ങളും ലക്ഷ്യമിട്ട് ഭേദഗതി പദ്ധതികളാണ് ഡി.സി.പി മുമ്പാകെ സമർപ്പിച്ചത്. ഇതാകട്ടെ വികസന സെമിനാറിലോ ഗ്രാമസഭാ നിർദേശങ്ങളിലോ പഞ്ചായത്ത് കമ്മിറ്റിയുടെ ചർച്ചയിലോ ഉരുത്തിരിഞ്ഞു വന്ന പദ്ധതികളായിരുന്നില്ല. ഈ വസ്തുതകൾ പരാതിയായി ലഭിച്ചതിനെ തുടർന്ന് ഭേദഗതി പദ്ധതികൾ പരിശോധനയ്ക്കായി മാറ്റി വയ്ക്കുകയാണുണ്ടായത്. ഇതിനെയാണ് വികസനം സി.പി.എം അട്ടിമറിച്ചുവെന്ന ആരോപണവും വാർത്തകളും നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു. നാല് വർഷമായി നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ വികസന മുരടിപ്പിനും അഴിമതിക്കുമെതിരെ ജനകീയ പ്രക്ഷോഭങ്ങൾ നടന്നുവരികയാണെന്നും ജനരോക്ഷത്തിൽ നിന്ന് രക്ഷനേടാനുള്ള ശ്രമമാണ് ആരോപണത്തിന് പിന്നിലെന്നും നേതാക്കൾ പറഞ്ഞു.