തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്ന് പുതുതായി 13 പേരെ കരുതൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവായ 28 ദിവസം പൂർത്തിയാക്കിയ 16 പേരെ വിട്ടയച്ചു. ആകെ 227 പേർ ഇന്നലവരെ നിരീക്ഷണത്തിലുണ്ട്. മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലുമായി ഐസൊലേഷൻ വാർഡിൽ ഒമ്പത് പേരുണ്ട്. അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 2875 പേരിൽ 174 പേരെയും ആഭ്യന്തര വിമാനത്താവളത്തിൽ 61 പേരെയും സ്‌ക്രീനിംഗ് നടത്തി. ആർക്കുംതന്നെ രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. ഇതുവരെ പരിശോധനയ്ക്കായി അയച്ച 37 സാമ്പിളുകളിൽ 27 പരിശോധനാഫലങ്ങളും നെഗറ്റീവാണ്. 10 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സ്വകാര്യ ആശുപത്രികളിൽ കൊറോണ സർവെയ്‌ലൻസ് ശക്തിപ്പെടുത്തി. ഇതിന്റെ ഭാഗമായി വെ‌ഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് ആരംഭിച്ചു.