തിരുവനന്തപുരം: നാല് വർഷം പുർത്തിയാകുന്ന എൽ.ഡി.എഫ് ഭരണത്തിൽ കുടുതൽ വികസന പദ്ധതികൾ ലഭിച്ചത് തലസ്ഥാന ജില്ലയിലാണെന്നും നാടിന്റെ സമഗ്രപുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സംസ്ഥാന ബഡ്‌ജറ്റിലുള്ളതെന്നും സി.പിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബഡ്‌ജറ്റിൽ ജില്ലയെ അവഗണിച്ചതായുള്ള കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ആരോപണം വികസനക്കുതുപ്പിൽ തലസ്ഥാനം മുന്നേറുന്നതിലുള്ള അങ്കലാപ്പുകൊണ്ടാണ്. ജില്ലയുടെ മുക്കിലും മൂലയിലും വരെ വികസനമെത്തിക്കുന്ന നൂറുക്കണക്കിന് ചെറുതും വലുതുമായ പദ്ധതികൾക്കാണ് ബഡ്ജറ്റിൽ ഇടം നൽകിയിരിക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും, റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിനും വലിയ തുകയാണ് വകയിരുത്തിയിട്ടുള്ള്. ലൈഫ് പദ്ധതിയിൽ കൂടുതൽ ഭവനങ്ങൾ നിർമ്മിച്ചത് ജില്ലയിലാണ്.
കേന്ദ്ര ബജറ്റിൽ ജില്ല അവഗണിക്കപ്പെട്ടതിൽ ഒരു പ്രതിഷേധവും രേഖപ്പെടുത്താത്തവരാണ് ഇപ്പോൾ സംസ്ഥാന ബഡ്ജറ്റിനെതിരെ രംഗത്തിറങ്ങിയിട്ടുള്ളത്. തിരുവനന്തപുരം–കന്യാകുമാരി റെയിൽപാത ഇരട്ടിപ്പിക്കൽ,നേമം ടെർമിനൽ,കൊച്ചുവേളി സ്‌റ്റേഷൻ വികസനം,കോട്ടയം പാത ഇരട്ടിപ്പിക്കൽ തീർത്തും അവഗണിച്ചു. റെയിൽവേ മെഡിക്കൽകോളേജ് എന്നിവയുടെ സ്ഥിതി എന്തെന്ന് ജില്ലയ്ക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുന്നവർ വ്യക്തമാക്കണമെന്നും ആനാവൂർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, മേയർ കെ. ശ്രീകുമാർ, ട്രിഡ ചെയർമാൻ സി.ജയൻബാബു എന്നിവരും പങ്കെടുത്തു.