se

തിരുവനന്തപുരം: എഴുത്തുകാരനും ദീർഘകാലം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ മലയാളം അദ്ധ്യാപകനുമായിരുന്ന എസ് ഇ.ജയിംസ് (70) നിര്യാതനായി. കോഴിക്കോട് വെള്ളിമാട്കുന്ന് നെടൂളി അമ്മു വീട്ടിൽ ഇന്നലെ ഉച്ചയോടെ ജയിംസിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒറ്റയ്ക്കായിരുന്നു താമസം.

പരിസരവാസികൾ വീട്ടിലെത്തിയപ്പോൾ ആരെയും കാണാത്തതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് പടിയിൽ ജയിംസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയില്ലെന്നും ശരീരത്തിൽ മുറിവുകളൊന്നുമില്ലെന്നും പൊലീസ് പറഞ്ഞു. വെങ്ങാനൂർ സ്വദേശിയായ ഇദ്ദേഹം 1980 മുതൽ കോഴിക്കോട് ക്രിസ്ത്യൻ കോളേജിലെ അദ്ധ്യാപകനായിരുന്നു. 2002ൽ വിരമിച്ചു. തിരുവിതാംകൂറിന്റെയും അവിടത്തെ മനുഷ്യരുടെയും കഥപറയുന്ന സംവത്സരങ്ങൾ, മൂവന്തിപ്പൂക്കൾ എന്നീ നോവലുകളും വൈദ്യൻകുന്ന് എന്ന കഥാസമാഹാരവും രചിച്ചിട്ടുണ്ട്. നാടക തിരക്കഥകളും രചിച്ചിരുന്നു. ദളിത് പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സംവത്സരം നോവലിൽ അയ്യങ്കാളിയും അദ്ദേഹത്തിന്റെ സമരങ്ങളും പരാമർശിക്കുന്നുണ്ട്. അയ്യങ്കാളിയുടെ അച്ഛന്റെ സഹോദരന്റെ പരമ്പരയിൽപെട്ടയാളായ ജെയിംസ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പഠിക്കവെ എസ്.എഫ്‌.ഐ പ്രവർത്തകനും 1978 ലെ യൂണിയൻ ചെയർമാനുമായിരുന്നു. കഴിഞ്ഞ ഒരു മാസമായി ഏക മകൻ അലക്സിന്റെ കൂടെ ബംഗളൂരുവിലായിരുന്ന ജയിംസ് ദിവസങ്ങൾക്കു മുമ്പാണ് കോഴിക്കോട് തിരിച്ചെത്തിയത്.