പാറശാല: ബൈക്കിലെത്തി വൃദ്ധയുടെ ഒന്നര പവന്റെ മാല പൊട്ടിച്ച് കടന്ന പ്രതി പൊലീസ് പിടിയിലായി. ഒളിവിൽ പോയ രണ്ടാം പ്രതി പെരുമ്പഴുതൂർ വഴുതൂർ നെല്ലിവിള പുത്തൻവീട്ടിൽ ഹരികൃഷ്‌ണൻ (22) ആണ് പിടിയിലായത്. കഴിഞ്ഞ 25 ന് രാവിലെ 10.30 ന് പഴയ ഉച്ചക്കടയ്ക്ക് സമീപം പാവറ മേലെ മണലി ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കവെയാണ് ബൈക്കിലെത്തിയ രണ്ടുപേർ ചേർന്ന് വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നത്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊഴിയൂർ സബ് ഇൻസ്‌പെക്ടർ കെ.വിനുകുമാർ, എസ്.ഐ പ്രസാദ്, സി.പി.ഒമാരായ ബിജു, വിമൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.