കഴക്കൂട്ടം: പുത്തൻതോപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ച ശേഷം ഡോക്ടറെയും ജീവനക്കാരെയും കൈയേറ്റം ചെയ്‌ത സംഘത്തിലെ ഒരാൾ പിടിയിൽ. പുത്തൻത്തോപ്പ് ചിറ്റാറ്റുമുക്ക് ചിറക്കൽ ചാരുവിളാകത്തു വീട്ടിൽ സമീറിനെയാണ് (23) പൊലീസ് പിടികൂടിയത്. ചിറക്കൽ സ്വദേശികളായ മറ്റു പ്രതികളെ പിടികൂടാൻ പൊലീസ് ശ്രമം തുടരുകയാണ്. ഇന്നലെ വൈകിട്ട് 6.30ഓടെയാണ്‌ സംഭവം. കാലിന് പരിക്കേറ്റ് ബൈക്കിലെത്തിയ മൂവർ സംഘം ഡ്യൂട്ടിയിലായിരുന്ന നഴ്സിനോട് ഡ്രെസ് ചെയ്യാൻ ആവശ്യപ്പെട്ടു. നഴ്സ് ഒ.പി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണാൻ പറഞ്ഞപ്പോഴാണ് ഇവർ അക്രമം നടത്തിയത്. സംഭവമറിഞ്ഞ് കഠിനംകുളം പൊലീസ് എത്തിയതോടെ പ്രതികളായ ജസീമും മുഫാസിലും ഓടി രക്ഷപ്പെട്ടു. എന്നാൽ സമീറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്നും കഠിനംകുളം എസ്.ഐ അറിയിച്ചു.