1

പൂവാർ: അടിമലത്തുറയിലെ മത്സ്യത്തൊഴിലാളികൾ ഇന്ന് തീരത്ത് കഴിയുന്നത് അഭയാർത്ഥികളെപ്പോലെയാണ്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവരാണ് ഇതിൽ ഏറെയും. ദൈന്യംദിന ചെലവുകൾക്കായി കടൽ കനിയേണ്ട അവസ്ഥ. മത്സ്യ ലഭ്യത ഒന്നുകുറഞ്ഞാൽ ഇവിടുത്തെ കുടുംബങ്ങൾ പട്ടിണിയിലാകും. കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളിലെ തീരദേശ വാസികളുടെ പ്രധാന തൊഴിലും വരുമാനമാർഗവും മത്സ്യ ബന്ധനവും അനുബന്ധ തൊഴിലുകളുമാണ്. മത്സ്യബന്ധനം നടത്താൻ 240 നോട്ടിക്കൽ മൈൽ വരെ കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് പോകാൻ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചതോടെ ആഴക്കടൽ മത്സ്യബന്ധനം നടത്താൻ വിദേശക്കപ്പലുകളും ഒപ്പമുണ്ട്. ഇത്തരം വിദേശക്കപ്പലുകൾക്കൊപ്പം കിടപിടിക്കാനുള്ള കരുത്ത് തീരദേശവാസികൾക്ക് ഇല്ല. ചുരുക്കത്തിൽ കടലിനെ അന്നമായിക്കണ്ട മത്സ്യത്തൊഴിലാളി കുടുബങ്ങൾ പട്ടിണിയിലേക്ക് കൂപ്പുകുത്തുകയാണ്. മക്കൾക്ക് നല്ല വിദ്യാഭ്യാസവും വസ്ത്രവും ഭക്ഷണവും നൽകാൻ പല രക്ഷിതാക്കൾക്കും കഴിയാറില്ല.

വിദേശക്കപ്പലുകൾ അതിർത്തികടന്ന് ഇപ്പുറം വന്നതോടെ ചെറുവള്ളങ്ങളിലും എട്ടോ പന്ത്രണ്ടോ ആളുകൾ പോകുന്ന ബോട്ടുകളും പലപ്പോഴും വെറും കൈയോടെ തിരിച്ചുവരുകയാണ്. ആഴക്കടലിലെ മത്സ്യങ്ങളും ചെറുമത്സ്യങ്ങളും വിദേശക്കപ്പലുകൾ കോരിയെടുക്കും. പ്രചനനകാലത്തുപോലും മത്സ്യബന്ധനം നടത്തുന്നതിനാൽ നഷ്ടമാകുന്നത് നമ്മുടെ തീരത്തെ മത്സ്യസമ്പത്താണ്.

ജീവിതം ഒരു വിധത്തിൽ മുന്നോട്ടുകൊണ്ടുപോയ മത്സ്യബന്ധന തൊഴിലാളികളുടെ പല കുടുംബങ്ങളും ഓഖിയുടെ പ്രഹരത്തിൽ നിന്നും കരകയറിയിട്ടില്ല. പല കുടുംബങ്ങളും ഇന്ന് അനാഥമാണ്. സ്വന്തമായുള്ള വീട് നഷ്ടപ്പെട്ടവർ, കിടക്കാൻ ഒരു തുണ്ട് ഭൂമിയില്ലാത്തവർ, മക്കളുടെ ജീവിതം കരകയറ്റാൻ ഒരു മാർഗവും ഇല്ലാത്തവർ അങ്ങനെ നിരവധി കുടുംബങ്ങൾ ഇവിടെയുണ്ട്.

ഒരു മുറിയും അടുക്കളയും ചെറിയൊരു ഇടനാഴിയും മാത്രമുള്ള നിരവധി വീടുകൾ ഇവിടെയുണ്ട്. ഇതിൽ നാലും അഞ്ചും കുടുംബങ്ങളാണ് തിങ്ങിപ്പാർക്കുന്നത്. ഇത്തരം വീടുകൾക്കും പട്ടയം നൽകാൻ അധികൃതർ വിമുഖതകാണിക്കുന്നുണ്ടെന്നാണ് പരാതി. രാത്രിയായാൽ കിടന്നുറങ്ങുന്നത് തീരത്തെ മൺപരപ്പിലാണ്. ഗ്രാമ പഞ്ചായത്തുകൾ നൽകിയിട്ടുള്ള താത്കാലിക വീട്ടുനമ്പർ ഉപയോഗിച്ച് വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടുണ്ടെന്ന് മാത്രം. ഇവിടുത്തെ പൊതു ടൊയ്ലെറ്റുകളാണ് പലരും ഉപയോഗിക്കുന്നത്. എതിൽ പലതും സാമൂഹിക വിരുദ്ധരുടെ കൈയടക്കിയതിനാൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവിടേക്ക് പോകാൻ പോലും കഴിയാറില്ലെന്നും പരാതിയുണ്ട്.