maveli

തിരുവനന്തപുരം: വില വർദ്ധനവിന്റെ കാലത്ത് വിപണി ഇടപെടലിലൂടെ പൊതു വിപണിയിലെ വില വർദ്ധന തടയുന്നതിന് സപ്ളൈകോയ്ക്ക് ബഡ്ജറ്റിൽ ഒരു രൂപ പോലും നീക്കിവയ്ക്കാതെ 'സംപൂജ്യ'മാക്കി.

നേരത്തേ സബ്സിഡി അനുവദിച്ച വകയിൽ സർക്കാർ സപ്ലൈകോയ്ക്ക് നൽകേണ്ട 730 കോടി രൂപയുടെ കാര്യത്തിലും മിണ്ടാട്ടമില്ല. ഇതോടെ, നിലനിൽപ്പിനായി സബ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സപ്ലൈകോ ഉന്നതതല യോഗം ഉടൻ ചേരും.

ഇത്തവണ ഭക്ഷ്യവകുപ്പിന് ആകെ അനുവദിച്ചിരിക്കുന്നത് 60 കോടി രൂപയാണ്. ഭക്ഷ്യസുരക്ഷയ്ക്കാണ് 38 കോടി. 12 കോടി

ഔട്ട്‌ലൈറ്റുകളുടെ നവീകരണത്തിനും ബാക്കി 10 കോടി നിർമ്മാണ പ്രവർത്തനങ്ങൾക്കുമാണ്.

സപ്ലൈകോയുടെ വിപണി ഇടപെടലിന് സംസ്ഥാന ബഡ്ജറ്റുകളിൽ പതിവായി പണം അനുവദിക്കാറുണ്ട്. അധികാരത്തിൽ വന്നാൽ അടുത്ത അഞ്ച് വർഷത്തേക്ക് സപ്ളൈകോ സബ്സിഡി സാധങ്ങളടെ കൂട്ടില്ല എന്നത് എൽ.ഡി.എഫിന്റെ പ്രധാന തിര‌ഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. പിണറായി സർക്കാർ അധികാരത്തിലേറി ആദ്യം അവതരിപ്പിച്ച ഇടക്കാല ബഡ്ജറ്രിന്റെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന് വിപണി ഇടപെടലിന് സപ്ലൈകോയ്ക്ക് നൂറു കോടി രൂപ അനുവദിച്ചതായിരുന്നു. വിപണിയിൽ വില വർദ്ധിക്കുമ്പോഴൊക്കെ സപ്ലൈകോയിൽ 14 ഇനം സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടിയിട്ടില്ലെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. സബ്സിഡിക്കും ,നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനും മറ്റും സർക്കാരിന്റെ അനുമതിയോടെ പണം കടമെടുത്ത വകയിൽ സപ്ലൈകോ ബാങ്കുകൾക്ക് നൽകാനുള്ളത് 788 കോടി രൂപയാണ്. അതിനിടെയാണ് കൂനിന്മേൽ കുരു പോലെ പുതിയ ബഡ്ജറ്റിലെ തൊഴിയും.

നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുമ്പോഴും സാധാരണക്കാരന് തെല്ലെങ്കിലും ആശ്വാസം പകരുന്നതാണ് മാവേലി സ്റ്റോറുകൾ ഉൾപ്പെടെയുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകൾ. കിലോയ്ക്ക് 215 രൂപ വരെ കുതിച്ചുയർന്ന വറ്റൽ മുളക് സപ്ലൈകോയിൽ വിൽക്കുന്നത് 75 രൂപയ്ക്കാണ്. പൊതുവിപണയിയിൽ 126 രൂപയുള്ള ഉഴുന്നിന് 60 രൂപയും 79 രൂപയുള്ള കടലയ്ക്ക് 39 രൂപയുമാണ് വില.

മുൻ വർഷങ്ങളിൽ

സർക്കാർ അനുവദിച്ചത്

2017- 18 : ₹100 കോടി

2018-19: ₹150 കോടി

2019-20: ₹200 കോടി

സപ്ലൈകോയ്ക്ക്

കിട്ടാനുള്ളത്

സബ്സിഡി അനുവദിച്ചതിന്- ₹ 275 കോടി

നെല്ല് സംഭരിച്ചതിന് - ₹ 450 കോടി

ഉച്ചഭക്ഷണത്തിന് അരി

നൽകിയതിന് - ₹15 കോടി

കൺസ്യൂമർഫെ‌‌ഡിനെയും

പാടെ തഴഞ്ഞു

വിപണി ഇടപെടലിനായി പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനമായ കൺസ്യൂമർ ഫെഡിനേയും ബഡ്‌ജറ്റിൽ അവഗണിച്ചു. ഓണം -ക്രിസ്മസ് ചന്തകളിലെ സബ്സിഡി വില്പന വകയിൽ 40 കോടി രൂപ സർക്കാർ നൽകാനുണ്ട്.