ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പരമേശ്വർജി എന്ന, പി.പരമേശ്വരന്റെ വിയോഗം രാഷ്ട്രത്തിന് വലിയ നഷ്ടമാണ് . നേരിട്ട് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നില്ലെങ്കിലും കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളെയും അതിന്റെ ദൂരവ്യാപകമായ പരിണാമങ്ങളെയും വളരെ സൂക്ഷ്മമായാണ് പരമേശ്വർജി വിലയിരുത്താറുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും സാമൂഹ്യപ്രവർത്തകരുമൊക്കെ വളരെ ആദരവോടെയാണ് അദ്ദേഹത്തെ കാണുന്നത്. ദേശീയതലത്തിലും കേരളത്തിലും സാമൂഹ്യസാംസ്കാരിക, ആദ്ധ്യാത്മിക ചിന്താമേഖലകളിൽ പരമേശ്വർജി നൽകിയ സംഭാവനകൾ അമൂല്യമാണ്.
ദീർഘനാൾ ഡൽഹിയിലെ ദീനദയാൽ ഗവേഷണകേന്ദ്രത്തിന്റെ ഡയറക്ടറായിരുന്ന പരമേശ്വർജി എൺപതുകളുടെ ആദ്യമാണ് കേരളത്തിലേക്ക് വീണ്ടും ശ്രദ്ധതിരിക്കുന്നത്. കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് ഗെയിം ചെയ്ഞ്ചർ എന്നു വിശേഷിപ്പിക്കാവുന്ന സംഭാവനയാണ് പരമേശ്വർജിയുടേത്. ഇടതുപക്ഷത്തിന്റെ സ്വാധീനത്താൽ കേരളം ദേശീയജീവിതത്തിന്റെ മുഖ്യധാരയിലല്ലെന്ന ബോധപൂർവമായ പ്രചാരണത്തെ ആശയപരമായി നേരിടാനും ജനതയെ അതിന് തയാറാക്കാനും പരമേശ്വർജിക്ക് കഴിഞ്ഞു. കേരളത്തിൽ ഒരു ബൗദ്ധിക വിപ്ലവമാണ് അദ്ദേഹം നടത്തിയത്. കേരളത്തിലെയും ദേശീയ- അന്തർദേശീയ തലത്തിലെയും സംഭവവികാസങ്ങളെ വിലയിരുത്തുന്നതിലും പ്രവചിക്കുന്നതിലും അദ്ദേഹത്തിന്റെ സൂക്ഷ്മത വിസ്മയകരമാണ്. സോവിയറ്ര് യൂണിയന്റെയും അമേരിക്കയുടെയും നേതൃത്വത്തിൽ വൻശക്തികൾ ഇരുചേരിയായി നിന്ന് ഭൂലോകത്തെ നിയന്ത്രിച്ചിരുന്ന കാലഘട്ടത്തിലാണ് സോവിയറ്റ് യൂണിയനും കമ്യൂണിസ്റ്റ് രാജ്യങ്ങളും ഉടൻതന്നെ തകരുമെന്ന് പരമേശ്വർജി വിലയിരുത്തിയത്. അപ്പോൾ അതാർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. എന്നാൽ എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവും കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്നത് കണ്ടപ്പോൾ പരമേശ്വർജിയുടെ ദീർഘദർശിത്വം ശ്ലാഘിക്കപ്പെട്ടു.
കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ ബാധിച്ച ബൗദ്ധിക അടിമത്വത്തെ ചോദ്യം ചെയ്യാനും പുതിയ പാത വെട്ടിത്തെളിക്കാനും കഴിഞ്ഞതാണ് പരമേശ്വർജിയുടെ വിജയഗാഥ. രാഷ്ട്രം എന്നത് തികച്ചും ഭരണപരമായ ഒരു സങ്കല്പമല്ലെന്നും ഒരു ഭരണകൂടത്തിന് കീഴിലല്ലെങ്കിലും സാംസ്കാരികമായ ഏകതയുള്ള ജനതയ്ക്ക് ഒരു രാഷ്ട്രമെന്ന നിലയ്ക്ക് ജീവിക്കാൻ കഴിയുമെന്നും പരമേശ്വർജി വിശ്വസിച്ചു. കമ്മ്യൂണിസത്തിന്റെ അപ്രായോഗികതയെക്കുറിച്ച് താത്വികമായി അദ്ദേഹം ജനങ്ങളോട് സംവദിച്ചു. കേരളത്തെ ദേശീയധാരയിൽ നിന്ന് വേർതിരിച്ചു നിറുത്താനുള്ള ബോധപൂർവമായ ശ്രമത്തെ ബൗദ്ധികതലത്തിൽ അദ്ദേഹം മറികടന്നു. ലോകസാമ്പത്തിക വ്യവസ്ഥയ്ക്ക് ഭാരതീയമായ ബദൽ കണ്ടെത്താനുള്ള ചർച്ചകളിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കും ചിന്തയും ഭാരതത്തെക്കുറിച്ചും അതിന്റെ സംസ്കാരത്തെക്കുറിച്ചം പാരമ്പര്യത്തെക്കുറിച്ചുമായിരുന്നു. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഭാരതീയ വിചാരകേന്ദ്രം കേരളത്തിന്റെ ബൗദ്ധികരംഗത്ത് മാറ്റത്തിന്റെ തുടക്കം കുറിച്ചു. അദ്ദേഹം രചിച്ച പുസ്തകങ്ങൾ ഭാരതീയമായ കാഴ്ചപ്പാടുകളെക്കുറിച്ച് പുതിയ ഉൾക്കാഴ്ച തരാൻ കഴിയുന്ന വിധത്തിലായിരുന്നു. ശ്രീനാരായണ ഗുരുവിനെക്കുറിച്ചും ഗുരുവിന്റെ ദർശനങ്ങളെക്കുറിച്ചുമെഴുതിയ പുസ്തകവും കേരളീയ സമൂഹത്തിൽ വലിയ ചലനങ്ങളുണ്ടാക്കി .
ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ പഠിക്കുമ്പോൾ മുതൽ ആദ്ധ്യാത്മിക ആശയങ്ങളുടെയും ദേശീയ പ്രസ്ഥാനങ്ങളുടെയും ആകർഷണ വലയത്തിൽ വന്ന പരമേശ്വർജി ഒരു ആക്ടിവിസ്റ്റുമായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ അഭിപ്രായപ്രകടനം വെറും അധര വ്യായാമമായിരുന്നില്ല. ഉന്നത വിദ്യാഭ്യാസത്തിനായി യൂണിവേഴ്സിറ്റി കോളേജിലെത്തുമ്പോൾ തന്നെ അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തകനായി മാറിക്കഴിഞ്ഞിരുന്നു. കോഴിക്കോട് വെള്ളയിലെ മുക്കുവരെ കടപ്പുറത്ത് ചെന്ന് സംഘടിപ്പിക്കുമ്പോഴും കേരളത്തിന്റെ മുക്കിലും മൂലയിലും ദേശീയ പ്രസ്ഥാനത്തിന് വേരോട്ടം നടത്തുമ്പോഴും ബൗദ്ധിക നിലവാരത്തിൽ മാത്രമല്ല അദ്ദേഹം സംസാരിച്ചിരുന്നത്. മറിച്ച് ഹൃദയത്തിന്റെ ഭാഷയിലാണ് ആദർശത്തിന്റെയും സമർപ്പണബോധത്തിന്റെയും വിത്തുകൾ പാകിയത്. കേരളത്തിലെ ആർ.എസ്.എസ് പ്രവർത്തനങ്ങളുടെ ആദ്യകാല സംഘാടകനായിരുന്ന അദ്ദേഹമാണ് മൗലികചിന്തകനായ ദീനദയാൽ ഉപാദ്ധ്യായയുടെ നേതൃത്വത്തിൽ ആരംഭിച്ച ഭാരതീയ ജനസംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ തുടക്കം കുറിച്ചത്.
ഭരണഘടനയുടെ എല്ലാ മൗലിക തത്വങ്ങളെയും അവഗണിച്ചുകൊണ്ട് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പൗരാവകാശങ്ങൾ ലംഘിക്കുകയും പത്രസ്വാതന്ത്യം എടുത്തുകളയുകയും ചെയ്തപ്പോൾ അതിനെതിരെയുള്ള ചെറുത്തുനില്പിന് പരമേശ്വർജി നേതൃത്വം നൽകി. പരമേശ്വർജിയുടെ നേതൃത്വഗുണവും സംഘാടക മികവുമായിരുന്നു അന്ന് കണ്ടത്. എൺപതുകളിൽ കേരളത്തിൽ രാഷ്ട്രീയ സംഘർഷം വ്യാപകമാവുകയും തലശ്ശേരിയിലും ആലപ്പുഴയിലുമൊക്കെ സി.പി.എമ്മിന്റെ ഭാഗത്തുനിന്നുള്ള ശാരീരികമായ ആക്രമണവും തുടർന്നുള്ള ചെറുത്തുനില്പും കൊലപാതകങ്ങളിലേക്കും ആക്രമണ പരമ്പരകളിലേക്കും നീങ്ങിയപ്പോൾ ഇരുസംഘടനാ നേതാക്കളെയും ഒരു വേദിയിലിരുത്തി ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കാനും സമാധാനം പുലർത്താനുമുള്ള ശ്രമങ്ങൾക്കും പരമേശ്വർജി തുടക്കം കുറിച്ചു. അത് വലിയ അളവിൽ വിജയിക്കുകയും ചെയ്തു.
അടിയന്തരാവസ്ഥ കഴിഞ്ഞയുടൻ നേരിട്ടുള്ള രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയും മറ്റ് സാമൂഹ്യ പ്രവർത്തനങ്ങളിലും ബൗദ്ധികരംഗത്തും കേന്ദ്രീകരിക്കുകയും ചെയ്ത അദ്ദേഹം പിന്നീട് രാഷ്ട്രീയ രംഗത്തേക്ക് തിരിഞ്ഞു നോക്കിയതേയില്ല. ബി.ജെ.പി നേതൃത്വം അദ്ദേഹത്തെ രാജ്യസഭയിലേക്ക് കൊണ്ടുവരാനാഗ്രഹിച്ചെങ്കിലും പരമേശ്വർജി തീരുമാനത്തിൽ നിന്ന് വ്യതിചലിച്ചില്ല. ദേശീയ പരിപ്രേക്ഷ്യത്തോടെയാണെങ്കിലും കേരളത്തിലെ ബൗദ്ധികരംഗത്ത് ഊന്നിനിന്നു പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളിൽ ബി.ജെ.പിക്കും എ.ബി.വി.പിക്കുമാണ് കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടി വരുന്നതെന്ന് പരമേശ്വർജി പറയാറുണ്ടായിരുന്നു . 'ബി.ജെ.പി ക്ക് അഞ്ച് കൊല്ലത്തിലൊരിക്കൽ തിരഞ്ഞെടുപ്പ് നേരിടേണ്ടി വരുന്നുവെങ്കിൽ എ.ബി.വി.പി കാമ്പസുകളിൽ എല്ലാവർഷവും തിരഞ്ഞെടുപ്പിനെ നേരിടേണ്ടിയിരുന്നു"എന്നതായിരുന്നു അതിന് അടിസ്ഥാനം.
എന്നെ സംബന്ധിച്ചടത്തോളം എ.ബി.വി.പി പ്രവർത്തകനായിരിക്കേ മുതൽ പരമേശ്വർജിയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും പലപ്പോഴും മാർഗദർശനത്തിന് അദ്ദേഹത്തെ സമീപിക്കുകയും പതിവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം അക്ഷരാർത്ഥത്തിൽ വലിയൊരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ പ്രണാമങ്ങളർപ്പിക്കുന്നു.