saeyadhali

കുഴിത്തുറ: കളിയിക്കാവിളയിൽ എ.എസ്.ഐയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സഹായിച്ച സെയ്ദലിക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസിലെ പ്രതികളായ അബ്‌ദുൾ ഷമീമിനും തൗഫീഖിനും സഹായം ചെയ്തതിനാണ് തിരുവനന്തപുരം തെറ്റിയോട് പുന്നക്കാട്ട്‌വിള സ്വദേശിയും സോഫ്ടവെയർ എൻജിനിയറുമായ സെയ്ദലി (26) പിടിയിലായത്.

തിരുവനന്തപുരം നഗരത്തിലെ ഒരു ആരാധനാലയത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന സെയ്ദലിയെ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കന്യാകുമാരി സ്പെഷ്യൽ സ്‌ക്വാഡ് പൊലീസ് അറസ്റ്റു ചെയ്തത്. തുടർന്ന് നാഗർകോവിൽ നേശമണി നഗർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യലിനിടെയാണ് ഇയാൾക്ക് ഐസിസുമായി അടുത്ത ബന്ധമുണ്ടെന്ന കാര്യം വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. നാഗർകോവിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്.പി ഗണേഷനും കൊച്ചിയിൽ നിന്നെത്തിയ എൻ.ഐ.എ ഡിവൈ.എസ്.പി വിജയകുമാറിന്റെയും നേതൃത്തിലുള്ള ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയത്. എൻ.ഐ.എ കണ്ടുപിടിക്കാത്ത രീതിയിൽ തീവ്രവാദ സംഘടനയ്ക്ക് വേണ്ടി പുതിയ സോഫ്ട്‌വെയർ ഉണ്ടാക്കിയതിൽ സെയ്ദലിക്ക് മുഖ്യ പങ്കുണ്ടെന്നും ആർക്കും സംശയമുണ്ടാകാത്ത തരത്തിൽ വിദേശത്തുള്ളവരുമായി രഹസ്യമായി സംസാരിച്ചുവന്നതായും അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ ഡൽഹിയിൽ അറസ്റ്റിലായ ഹാജമൊയ്ദീന്റെ നേതൃത്തിൽ പല സ്ഥലങ്ങളിൽ സ്ഫോടനം നടത്താൻ ഗൂഢാലോചന നടത്തിയതായും പ്രതി പറഞ്ഞു. മാത്രമല്ല തമിഴ്നാട് നാഷണൽ ലീക് എന്ന സംഘടനയ്ക്ക് വേണ്ടി ഫണ്ട്‌ ശേഖരിച്ചതിലും ഇയാൾക്ക് പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തി. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പ്രതിയെ ഇന്ന് തെങ്കാശിയിലേക്ക് കൊണ്ടു പോകും.