dvdfdff

ആറ്റിങ്ങൽ: ചരിത്രപ്രാധാന്യമുള്ള ആറ്റിങ്ങൽ കൊട്ടാരം സംരക്ഷിക്കാനുള്ള നടപടിയുമായി സംസ്ഥാന സർക്കാർ. കൊട്ടാരം പൈതൃക സ്‌മാരകമാക്കി സംരക്ഷിക്കുന്നതിനായി ബഡ്‌ജറ്റിൽ മൂന്ന് കോടി രൂപ അനുവദിച്ചു. തിരുവിതാംകൂർ രാജവംശത്തിന്റെ അമ്മവീടാണ് ആറ്റിങ്ങൽ. തിരുവിതാംകൂർ രാജകുടുംബത്തിന്റെ പരദേവതാസ്ഥാനമായ തിരുവാറാട്ടുകാവ് ദേവീക്ഷേത്രമുൾപ്പെടെ നാലുക്ഷേത്രങ്ങൾ കൊട്ടാരത്തിനകത്തുണ്ട്. ആറ്റിങ്ങൽ കൊട്ടാരം ജീർണാവസ്ഥയിലായതിനെക്കുറിച്ച് കേരളകൗമുദി പലതവണ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് ബി. സത്യൻ എം.എൽ.എ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. നിലവിൽ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള കൊട്ടാരത്തിൽ ക്ഷേത്രകലാപീഠം പ്രവർത്തിക്കുന്നുണ്ട്. കൊട്ടാരം പുരാവസ്‌തുവകുപ്പ് ഏറ്റെടുത്തശേഷമാകും പൈതൃക സ്‌മാരകമാക്കുന്നതിനുള്ള നടപടികൾ തുടങ്ങുക. ആറ്റിങ്ങൽ കലാപത്തിന്റെ 300ാം വാർഷിക സമ്മാനമായാണ് പദ്ധതി അനുവദിച്ചത്. പൈതൃക സ്‌മാരകമാക്കുന്നതോടെ കൊട്ടാരത്തിനും ആറ്റിങ്ങൽ പട്ടണത്തിനും ടൂറിസം പദ്ധതിയിലും സ്ഥാനം ലഭിക്കും.

ചിതലരിക്കാത്ത ചരിത്രം

-----------------------------------------

വിദേശ ആധിപത്യത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യസായുധ കലാപമാണ് ആറ്റിങ്ങൽ കലാപം. മലഞ്ചരക്ക് കച്ചവടത്തിനായി തിരുവിതാംകൂറിലെത്തിയ ഇൗസ്റ്റ് ഇന്ത്യാ കമ്പനി 1684ൽ ആറ്റിങ്ങൽ റാണിയിൽ നിന്നു കടലോര പ്രദേശമായ അഞ്ചുതെങ്ങിൽ 281 ഏക്കർ സ്ഥലം പതിച്ചുവാങ്ങിയാണ് കോട്ട നിർമ്മിച്ചത്. കച്ചവടം അധിനിവേശത്തിലേക്ക് മാറിയപ്പോൾ ഏറെ വൈകാതെ സ്ഥലവാസികളും കമ്പനിയും തമ്മിലുള്ള ബന്ധം ഉലഞ്ഞു. 1697ൽ റാണിയും കമ്പനിയും തമ്മിലുണ്ടാക്കിയ കരാറനുസരിച്ച് തിരുവിതാംകുറിൽ കുരുമുളകിന്റെ കച്ചവടം കമ്പനിയുടെ കുത്തകയായി മാറി. ഇതിൽ പ്രതിഷേധിച്ച് പല സ്ഥലങ്ങളിലുള്ള ജനങ്ങളുടെ സഹകരണത്തോടെ 1697ൽ നാട്ടുകാർ കോട്ട ആക്രമിച്ചു. 1721ൽ കോട്ടയുടെ അധിപൻ മേജർ ഗീഫോർഡിന്റെ നേതൃത്വത്തിൽ 150 ഒാളം ബ്രിട്ടീഷ് പട്ടാളക്കാർ റാണിക്ക് സമ്മാനങ്ങളുമായി കോട്ടയിൽ നിന്ന് ആറ്റിങ്ങലിലേക്ക് പോകുന്ന വിവരം നാട്ടുകാർ അറിഞ്ഞു. തദ്ദേശവാസികൾ കടയ്ക്കാവൂർ ഏലാപ്പുറത്തുവച്ച് പട്ടാളത്തെ ആക്രമിച്ചു. മേജർ ഗീഫോർഡ് ഉൾപ്പെടെ 140 പട്ടാളക്കാർ യുദ്ധത്തിൽ മരിച്ചുവീണു. വാമനപുരം നദിയിലേക്ക് നാട്ടുകാർ മൃതദേഹങ്ങൾ വലിച്ചെറിഞ്ഞെന്നാണ് ചരിത്രരേഖ. തുടർന്നാണ് ആ പ്രദേശത്തിന് കൊല്ലമ്പുഴ എന്ന പേരുണ്ടായതത്രേ. പിന്നീട് ഈ സമരം ആറ്റിങ്ങൽ കലാപം എന്ന് അറിയപ്പെട്ടു.

കൊട്ടാരത്തിന്റെ നിലവിലെ അവസ്ഥ

--------------------------------------------------------------

 ഗോവണിയും തട്ടും പൊളിഞ്ഞുവീണു

 മണ്ഡപക്കെട്ടിലെ മേൽക്കൂര ദ്റവിച്ചു
 മണ്ഡപത്തിൽ പലയിടത്തും ചോർച്ച
 അകത്തെ ചുമരുകൾക്കും കേടുപാട്
 പരിസരം കാടുപിടിച്ച നിലയിലായി

നിർമ്മിച്ചത് - 700 വർഷം മുമ്പ്

പ്രതികരണം
-----------------------------

ആറ്റിങ്ങൽ കൊട്ടാരം സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞാണ് ഇക്കാര്യത്തിൽ ഇടപെട്ടത്. കൊട്ടാരം പൈതൃക സ്‌മാരകമാകുന്നതോടെ ആറ്റിങ്ങൽ പട്ടണം ടൂറിസം രംഗത്തും ശ്രദ്ധനേടും. ഇപ്പോൾ ദേവസ്വം ബോർഡിന്റെ കൈവശമുള്ള കൊട്ടാരം പുരാവസ്‌തുവകുപ്പ് ഏറ്റെടുത്താണ് പൈതൃക സ്‌മാരകമാക്കുന്നത്. ഒരു വർഷത്തിനുള്ളിൽ പദ്ധതി ആവിഷ്കരിക്കും

അഡ‌്വ.ബി. സത്യൻ എം.എൽ.എ