കിളിമാനൂർ: വാലഞ്ചേരി ഐരുമൂല ക്ഷേത്ര റോഡ് ഇനി കാമറക്കണ്ണുകളുടെ സുരക്ഷിത വലയത്തിൽ. വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ ഐരു മൂലക്ഷേത്ര റോഡിലാണ് സി.സി.ടിവി കാമറകൾ സ്ഥാപിച്ചത്. തെരുവു വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തജനങ്ങൾക്ക് സാമൂഹ്യവിരുദ്ധരുടെ ശല്യം ഉണ്ടായതിനെത്തുടർന്ന് അസോസിയേഷൻ സൗരോർജ തെരുവു വിളക്കുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ വിജന പ്രദേശമായതിനാൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ തുടങ്ങിയതിനെത്തുടർന്നാണ് സി.സി.ടിവി കാമറകൾ സ്ഥാപിക്കാൻ അസോസിയേഷൻ തീരുമാനിച്ചത്. കാമറകളുടെ ഉദ്ഘാടനം കിളിമാനൂർ എസ്.എച്ച്.ഒ കെ.ബി. മനോജ് കുമാർ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ, വാർഡ് അംഗം ബീനാ വേണുഗോപാൽ, ഫ്രാക് ജന.സെക്രട്ടറി ടി. ചന്ദ്രബാബു എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജന.സെക്രട്ടറി എൻ. ഹരികൃഷ്ണൻ സ്വാഗതവും പ്രഫ. എം.എം. ഇല്യാസ് കൃതജ്ഞതയും പറഞ്ഞു.