വർക്കല: ദേശീയജലപാത നവീകരണം മുന്നോട്ട് പോകുമ്പോഴും ചേരി നിവാസികളുടെ പുനരധിവാസ നടപടികൾ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം. ജലപാതയുടെ നവീകരണം പൂർത്തീകരിച്ച് 2020 സെപ്തംബറിൽ ബോട്ട് സർവീസ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. നവീകരണവുമായി ബന്ധപ്പെട്ട് ആഴവും പരപ്പും കൂട്ടുന്നതിന്റെ പേരിൽ കഴിഞ്ഞ രണ്ട് വർഷമായി ടി.എസ് കനാലിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ക്രമാതീതമായി മണൽ കടത്തും നടക്കുന്നുണ്ടെന്ന പരാതിയുണ്ട്.
2017 മാർച്ച് 31ന് മുൻപ് ജലപാത വികസനവുമായി ബന്ധപ്പെട്ടും ചേരി നിവാസികളുടെ പുനരധിവാസം സംബന്ധിച്ചും ചില സർവേകളും നടത്തിയിരുന്നു. ടി.എസ് കനാലിന്റെ ഇരു ചേരികളിൽ താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന നടപടിക്രമങ്ങൾ ഇപ്പോഴും സർക്കാരിന്റെ ഫയലുകളിൽ പൊടിയടിച്ചു കിടക്കുകയാണ്.
നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ ചേരി നിവാസികളുടെ കുടിലുകൾക്കും പ്രദേശത്തെ റോഡുകൾക്കും തകർച്ചാഭീഷണിയും നേരിടുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് ട്രഡ്ജിംഗിനിടെ ചിലക്കൂർ തൊട്ടിപ്പാലം വള്ളക്കടവ് പ്രദേശത്ത് ഒരു ഭാഗം അടർന്ന് കനാലിലേക്ക് വീണു. സ്കൂൾ ബസുകൾ ഉൾപ്പെടെ കടന്നുപോകുന്ന റോഡാണ് അപകടഭിഷണിയിലായത്. പുനരധിവാസ നടപടികളുടെ തീരുമാനത്തിൽ കാലതാമസം ഉണ്ടാകുന്നതിനെതിരെ കഴിഞ്ഞ ദിവസം നാട്ടുകാർ ട്രഡ്ജിംഗ് നടപടികൾ തടയുകയും ചെയ്തു. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട നിരവധി കുടുംബങ്ങളാണ് കനാലിന്റെ പുറമ്പോക്കുകളിൽ ജീവിതം തള്ളിനീക്കുന്നത്. മഴക്കാലത്ത് ഇവരുടെ കുടുംബങ്ങൾ അപകടഭീഷണി നേരിടുകയാണ്.