നെടുമങ്ങാട്: മാലിന്യമുക്ത കിള്ളിയാർ എന്ന സ്വപ്നം സാക്ഷാത്കരിച്ച്, നദീസംരക്ഷണത്തിന്റെ രണ്ടാംഘട്ടത്തിന് നാടൊരുങ്ങുന്നു. 30,000 -ത്തോളം സന്നദ്ധ പ്രവർത്തകരെയും പൊതുജനങ്ങളെയും അണിനിരത്തി 14ന് കിള്ളിയാറിന്റെ ഉത്ഭവസ്ഥാനമായ പനവൂർ കരിഞ്ചാത്തിമൂല മുതൽ വഴയില പാലം വരെയുള്ള 22 കിലോ മീറ്റർ ശുചീകരിക്കും. ഇതോടൊപ്പം നദിയുടെ 31 കൈവഴികളിലും ശുചീകരണം നടക്കും. 'നാളേയ്ക്ക് ഇന്നിന്റെ കടമ" എന്നതാണ് രണ്ടാംഘട്ട കിള്ളിയാർ മിഷൻ മുദ്രാവാക്യം. 'കരകവിയാത്ത കിള്ളിയാർ" എന്നതായിരുന്നു ആദ്യ ഘട്ടത്തിൽ മുന്നോട്ടുവച്ച സന്ദേശം. കൈയേറ്റവും മാലിന്യ നിക്ഷേപവും ആറിന്റെ ഗതി മാറ്റിയതോടെ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്താണ് കിള്ളിയാർ മിഷൻ എന്ന ആശയം ആവിഷ്കരിച്ചത്. പരിസ്ഥിതി സ്നേഹികളും പൊതു പ്രവർത്തകരും തൊഴിലുറപ്പ് അംഗങ്ങളും ഉൾപ്പടെ മുപ്പതിനായിരത്തോളം പേർ നദിയെ മോചിപ്പിക്കാൻ രംഗത്തിറങ്ങിയത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.1,200ലേറെ മാലിന്യ പൈപ്പുകളാണ് മിഷൻ പ്രവർത്തനങ്ങളുടെ ഒന്നാംഘട്ടത്തിൽ നീക്കം ചെയ്തത്. പ്രളയകാലത്ത് നദി കരകവിയാതെ ഒഴുകിയത് കിള്ളിയാർ ദൗത്യത്തിന്റെ ഫലമായാണ് വിലയിരുത്തുന്നത്.

14 ന് രാവിലെ എട്ടിന് കിള്ളിയാറിന്റെ തീരങ്ങളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ ഡോ.ടി.എം. തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, വി.എസ്. സുനിൽ കുമാർ, കെ. രാജു, കെ. കൃഷ്ണൻ കുട്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാർ, എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും. ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ ചേർന്ന് യോഗം ശുചീകരണ യജ്ഞത്തെ കുറിച്ചുള്ള ഒരുക്കങ്ങൾ വിലയിരുത്തി. നെടുമങ്ങാട് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും ശുചീകരണ പ്രതിജ്ഞ ചൊല്ലി. ശുചീകരണ യജ്ഞത്തിന്റെ പ്രചണാർത്ഥം വട്ടപ്പാറയിൽ നിന്ന് ആരംഭിച്ച കലാജാഥ 12ന് പനവൂരിൽ സമാപിക്കും. ആനാട്, വെമ്പായം പഞ്ചായത്തുകളിൽ പര്യടനം നടത്തിയ കലാജാഥ ഇന്ന് നഗരസഭ പരിധിയിലും നാളെ അരുവിക്കരയിലും ബുധനാഴ്ച പനവൂരിലും എത്തും.


നദീ സംരക്ഷണ പ്രവർത്തനങ്ങൾ ആഘോഷമാക്കാൻ ജനകീയ കൂട്ടായ്മ തലപുകയ്ക്കുമ്പോഴും കിള്ളിയാറിൽ മാലിന്യ നിക്ഷേപവും കൈയേറ്റവും തുടരുകയാണെന്ന് പരാതിയുണ്ട്. നഗരസഭ പരിധിയിലും കരകുളം,അരുവിക്കര പഞ്ചായത്ത് അതിർത്തിയിലുമാണ് കൈയേറ്റം മുന്നേറുന്നത്. ആറാംകല്ലിൽ ഗ്രാമപഞ്ചായത്ത് പലതവണ നോട്ടീസ് നല്കി തടഞ്ഞിട്ടും തീരം കൈയേറിയുള്ള നിർമ്മാണം ദ്രുതഗതിയിലാണെന്ന് പരാതിയുണ്ട്. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ ആറിന്റെ പ്രധാനഭാഗങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചതോടെ കാമറകൾ ഇല്ലാത്ത ഭാഗങ്ങളിലാണ് മാലിന്യനിക്ഷേപം. സെപ്ടിക് ടാങ്കുകളിലെ പൈപ്പുകൾ മണ്ണിനടിയിലൂടെ ആറ്റിലേക്ക് സ്ഥാപിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

കിള്ളിയാറിനു കവചമൊരുക്കാൻ ഇറിഗേഷൻ വകുപ്പ് ആവിഷ്കരിച്ച പൂന്തോട്ട വത്‌കരണവും തീരസംരക്ഷണ പ്രവർത്തനങ്ങളും ഫെൻസിംഗും അനിശ്ചിതത്വത്തിലായി. വേനലിലും ജലലഭ്യത ഉറപ്പ് വരുത്താൻ തയാറാക്കിയ ചെക്കുഡാമുകളും കടലാസിലൊതുങ്ങി. എട്ട് കോടി രൂപയുടെ ഡിറ്റേൾഡ് പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കിയെങ്കിലും കൈയേറ്റം ഒഴിപ്പിക്കൽ പൂർത്തിയാവാത്തതാണ് മാതൃക പദ്ധതിക്ക് തിരിച്ചടിയായത്.