anantha

വെമ്പായം: കളിചിരിയുമായി മകൻ വിനോദയാത്രയ്ക്ക് യാത്ര പറഞ്ഞിറങ്ങിയത് മരണത്തിന്റെ കയങ്ങളിലേക്കായിരുന്നെന്ന് വിശ്വസിക്കാനാവാതെ വിതുമ്പുകയാണ് മാതാപിതാക്കളും ഒരു ഗ്രാമവും. കഴിഞ്ഞ ദിവസം നെയ്യാറിൽ മുങ്ങി മരിച്ച വെഞ്ഞാറമൂട് പിരപ്പൻകോട് കൈതറ ശിവസരസിൽ മുരളിധരൻ നായർ - ഷീനാകുമാരി ദമ്പതികളുടെ മകൻ അനന്തുവിന് നൂറുകണക്കിന് ആളുകളാണ് നിറകണ്ണുകളുമായി അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്.

ശനിയാഴ്ച രാവിലെ സഹോദരൻ ഉൾപ്പെടെ ഒൻപത് അംഗ സംഘത്തോടൊപ്പം ട്രെക്കിംഗിനായി നെയ്യാർ വനമേഖലയിൽ എത്തുകയും ഉച്ചയോടെ നെയ്യാറിലെ മീൻമുട്ടിയിൽ കുളിക്കുന്നതിനിടെ കയത്തിൽപ്പെടുകയും ആയിരുന്നു. തുടർന്ന് വനം വകുപ്പിന്റെ സഹായത്തോടെ ആര്യനാട് ഗവ: ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടത്ത് ട്രിവാൻഡ്രം സർജിക്കൽ സെന്റർ എന്ന ഫിസിയോ തെറാപ്പി സെന്റർ നടത്തുകയായിരുന്ന അനന്തു ചാരിറ്റി പ്രവർത്തനങ്ങളിലും ,സാമൂഹ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിലായിരുന്നു. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടിൽ എത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഡി.കെ.മുരളി എം.എൽ.എ ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരം അർപ്പിക്കാൻ എത്തി.