നെയ്യാറ്റിൻകര: തിരുവനന്തപുരത്തിന്റെ സാറ്റലൈറ്റ് സ്റ്റേഷനാകാൻ പരിഗണിച്ചിരുന്ന നേമം റെയിൽവേ സ്റ്റേഷന്റെ വികസനം വരുന്നതോടെ തിരുവനന്തപുരത്തുകാരുടെ യാത്രാസൗകര്യം വർദ്ധിക്കുമെന്ന ആശ അസ്തമിച്ച മട്ടാണ്. അതേ സമയം വികസനം തിരുവനന്തപുരം ഡിവിഷന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നു. തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി എന്നിവ കഴിഞ്ഞാൻ മൂന്നാമത്തെ കോച്ചിംഗ് ടെർമിനലായാണ് നേമം റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുന്നത്. നേമം വികസനം യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ട്രെയിൻ ഹാൾട്ട് ചെയ്യുന്നതിനുള്ള തിരക്ക് കുറയുമെന്നാണ് കരുതപ്പെടുന്നു.
ഇക്കഴിഞ്ഞ മാർച്ച് 7നാണ് റെയിൽവേ വകുപ്പ് മന്ത്രിപീയൂഷ് ഗോയൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടത്. ഒരു വർഷത്തിനകം, ഈ മാർച്ചിൽ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കൂടുതൽ വരുമാനമുള്ള ഡിവിഷനിലേക്ക് മാത്രമേ വികസനത്തിന് തുക അനുവദിക്കുകയുള്ളു എന്നതിനാൽ നേമത്തെ മധുര ഡിവിഷനിൽ ഉൾപ്പെടുത്തിയാണ് വികസനത്തിന് റെയിൽവേ വകുപ്പ് തുക അനുവദിച്ചതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.
തിരുവനന്തപുരം മുതൽ നാഗർകോവിൽ വരെയുള്ള ഭാഗം മധുര ഡിവിഷനിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ഏതാണ്ട് പൂർത്തിയായി. ഇതോടെ തിരുവനന്തപുരത്തെ റവന്യൂ വരുമാനം മധുര ഡിവിഷന്റെ പരിധിയിൽ വരും. നേമം സ്റ്റേഷൻ മധുര ഡിവിഷനിലേക്ക് മാറ്റുമ്പോൾ നേമത്തേക്ക് ചരക്ക് എത്തിക്കുന്ന പുതിയ വിഴിഞ്ഞം തുറമുഖവും മധുര ഡിവിഷനിൽ വരും. ഇതോടെ തിരുവനന്തപുരത്തിന് കിട്ടേണ്ട വൻ വരുമാനമാണ് മധുര ഡിവിഷന് സ്വന്തമാകുന്നത്.
നേമം ടെർമിനലിന്റെ ആദ്യഘട്ടത്തിൽ നിലവിൽ റെയിൽവേ ഏറ്റെടുത്തിട്ടുള്ള ഭൂമിയിലാണ് പണി ആരംഭിച്ചിട്ടുള്ളത്. രണ്ട് പ്ലാറ്റ്ഫോമുകൾ ഇവിടെ പുതിയതായി നിർമ്മമിക്കുന്നു. ഇതോടൊപ്പം പ്ലാറ്റ്ഫോം ഷെൽട്ടർ, ട്രാക്ക്, ഫുട്ട് ഓവർ ബ്രിഡ്ജ് എന്നിവയുടെ നിർമ്മാണവും നടക്കും.
നേമം റെയിൽവേ സ്റ്റേഷനെ നേമം സൗത്ത് സ്റ്റേഷനാക്കി വിപുലീകരിക്കണമെന്ന് മുൻ റെയിൽവേ സഹമന്ത്റിയും എം.എൽ.എയുമായ ഒ. രാജഗോപാൽ കേന്ദ്ര റെയിൽ വകുപ്പിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എറണാകുലം പോലെ കൊച്ചുവേളി നോർത്തും നേമം സൗത്തുമായി മാറ്റണമെന്നാണ് ആവശ്യം.
കന്യാകുമാരി - മുംബൈ എക്സ്പ്രസ് ട്രെയിനിന്റെ സമയക്രമം മാറ്റിയത് റെയിൽവേ പുനഃപരിശോധിക്കണമെന്ന് ഡിവിഷണൽ റെയിൽവേ മാനേജർക്ക് കെ.ആൻസലൻ എം.എൽ.എ നിവേദനം നൽകി. ഇപ്പോൾ രാവിലെ 8:20 ന് നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് 8:50 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തുന്ന കന്യാകുമാരി-മുംബൈ എക്സ്പ്രസ് ട്രെയിൻ മേയ് 1 മുതൽ നെയ്യാറ്റിൻകരയിൽ നിന്നും 9:40 ന് പുറപ്പെടുന്ന രീതിയിലാണ് പുതിയ സമയക്രമം തയാറാക്കിയിരിക്കുന്നത്.