hhh

നെയ്യാറ്റിൻകര: തെക്കിന്റെ കൊച്ചുപാദുവയെന്നറിയപ്പെടുന്ന തീർത്ഥാടന കേന്ദ്രമായ കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയ തിരുനാളിന് നാളെ തുടക്കമാകും. കമുകിൻകോട് കൊച്ചുപള്ളിയിലെ വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ച വാ‌ഴ്‌ത്തപെട്ട ദേവസഹായം പിള്ളയുടെ പ്രേക്ഷിത പ്രവർത്തനങ്ങളുടെ 275-ാം വാർഷികവും ഇടവകയുടെ സുവിശേഷവത്കരണത്തിന്റെ 307-ാം വാർഷികവും ആഘോഷിക്കുന്നു. നാളെ രാവിലെ 6.30ന് നടക്കുന്ന തിർത്ഥാടന ഉദ്ഘാടന സമൂഹ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത വികാരി ജനറൽ സി. ജോസഫ് മുഖ്യ കാർമ്മികത്വം വഹിക്കും. 10ന് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് മുൻ കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമൻ മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് വിശുദ്ധ അന്തോണീസിന് കിരീടം ചാർത്തൽ ചടങ്ങ് നടക്കും. വൈകിട്ട് 3ന് കൊച്ചുപള്ളിയിൽ നിന്ന് വലിയപള്ളിയിലേക്ക് വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപവും വഹിച്ചുള്ള തീർത്ഥാടന പ്രയാണം. വൈകിട്ട് 7ന് നടക്കുന്ന സൗഹൃദസന്ധ്യ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. മാർത്താണ്ഡം രൂപത ബിഷപ് വിൻസെന്റ് മാർ പൗലോസ് അനുഗ്രഹ പ്രഭാഷണം നടത്തും. രാത്രി 11ന് ആഘോഷമായ കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ. ജോയി മത്യാസ് നിർവഹിക്കും. 22ന് ദിവ്യബലിയെ തുടർന്ന് ആഘോഷമായ ചപ്ര പ്രദക്ഷിണം നടക്കും. തിർത്ഥാടനത്തിന്റെ സമാപന ദിവസമായ 23ന് രാവിലെ 9.30ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യകാർമ്മികത്വം വഹിക്കും. തീർത്ഥാടനത്തിന്റെ ഭാഗമായി തിരുനാൾ പ്രണാമസന്ധ്യ, ആദരസന്ധ്യ, സമാപന സമ്മേളനം എന്നിവയും ഉണ്ടാവും. മന്ത്രിമാരായ ഇ.പി. ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ ശശിതരൂർ, ഷാനിമോൾ ഉസ്‌മാൻ,​ എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, എം. വിൻസെന്റ്, വി.എസ്. ശിവകുമാർ, ഒ. രാജഗോപാൽ, വി.കെ. പ്രശാന്ത് ഐ.ബി. സതീഷ്, കെ. ആൻസലൻ, കുഞ്ഞിരാമൻ തുടങ്ങിയവരും വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് ഇടവക വികാരി ഫാ. ജോയി മത്യാസ് അറിയിച്ചു.