meen

തിരുവനന്തപുരം: വാഴോട്ടുകോണം വയലിക്കട ഹരിത നഗർ പ്രദേശത്തു തൊട്ടിൽ വലിയ അളവിൽ മീൻ ചത്തു പൊങ്ങിയതിനെ തുടർന്ന് മേയർ കെ. ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം നഗരസഭ ഹെൽത്ത് സ്‌ക്വാഡ് പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തിൽ പ്രദേശത്തെ മേരി മാതാ ഇൻഡസ്ട്രിസ് എന്ന സ്ഥാപനത്തിൽ മെറ്റൽ പ്ലേറ്റിംഗിന് ഉപയോഗിക്കുന്ന സർഫോളിൻ എസ് കെ -40 എന്ന അൽക്കലൈൻ ആണ് വെള്ളത്തിൽ കലങ്ങിയത് എന്ന് തെളിഞ്ഞു. സ്ഥാപനത്തിൽ പരിശോധന നടത്തി കെമിക്കലിന്റെ സാമ്പിൾ എടുത്തു. വെള്ളത്തിന്റെ സാമ്പിളും ശേഖരിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം സ്ഥാപനം താത്കാലികമായി അടച്ചുപൂട്ടാൻ ഉത്തരവ് നൽകി. നഗരസഭ ഹെൽത്ത് ചെയർമാൻ ഐ.പി. ബിനു, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.എസ്. മിനു, മിത്രൻ, ഷാജി കെ. നായർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. തോട്ടിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന ആറ്റിലെ കുണ്ടമൺഭാഗം പമ്പിംഗ് സ്റ്റേഷനിൽ നിന്ന് പമ്പിംഗ് വാട്ടർ അതോറിട്ടി നിർത്തിവച്ചു. മലിനജലം കരമനയാറ്റിൽ കലർന്നുവെന്ന സംശയത്തെ തുടർന്നാണിത്. വാട്ടർ അതോറിട്ടിയുടെ പമ്പ് ഹൗസിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ മാത്രമാണ് ഫാക്ടറി പ്രവർത്തിക്കുന്നത്. തോട്ടിൽ മീനുകൾ ചത്തുപൊങ്ങിയതിനെ തുടർന്ന് നഗരസഭാ അധികൃതർ ഇവിടെ തടയണ സ്ഥാപിച്ച് മലിനജലം കരമനയാറ്റിലേക്ക് കലരാതിരിക്കാൻ നടപടി സ്വീകരിച്ചു. തടയണയിലെ മലിനജലം പമ്പ് ചെയ്ത് കളയുന്ന ജോലി പുരോഗമിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പിംഗ് തടസപ്പെട്ടതിനാൽ വട്ടിയൂർക്കാവ്, തിരുമല, പൂജപ്പുര, കരമന, വലിയവിള, വെള്ളയമ്പലം മേഖലയിലെ ചില പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങി. പമ്പ് ഹൗസിലേക്കെത്തുന്ന വെള്ളം പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കിയ ശേഷം പമ്പിംഗ് പുനരാരംഭിക്കുമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.