coronavirus

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3252 പേർ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇവരിൽ 3218 പേർ വീടുകളിലും, 34 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയം തോന്നിയ 345 സാമ്പിളുകൾ എൻ.ഐ.വി.യിൽ പരിശോധനയ്ക്ക് അയച്ചതിൽ 326 സാമ്പിളുകളുടെ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ളവയുടെ ഫലം വരാനുണ്ട്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്.വുഹാനിൽ നിന്ന് കേരളത്തിലെത്തിയ മറ്റുള്ളവരുടേയും ഏഴിന് ചൈനയിലെ കുൻമിംഗ് പ്രദേശത്ത് നിന്ന് എത്തിയവരുടേയും പരിശോധന ഫലവും നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു.

വീടുകളിൽ 28 ദിവസം നിരീക്ഷണ കാലാവധി പൂർത്തിയാക്കിയതായി റിപ്പോർട്ട് ചെയ്തവർ ഐസോലേഷൻ നിർദ്ദേശിച്ച അതാത് പ്രദേശത്തെ പി.എച്ച്.സി, ആശുപത്രികളിലെ ഡോക്ടർമാരെ സമീപിച്ച് മാത്രം നിരീക്ഷണ കാലാവധി പൂർത്തിയാക്കിയതായി ഉറപ്പ് വരുത്തണം. ഇത്തരത്തിൽ നിരീക്ഷണ കാലാവധി പൂർത്തിയാക്കി മറ്റ് രാജ്യങ്ങളിലേക്ക് യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ അതാത് രാജ്യങ്ങളുടെ മാർഗനിർദേശങ്ങൾ പരിശോധിച്ച് തീരുമാനം എടുക്കണം.

വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്ന ചൈന, സിംഗപ്പൂർ, ജപ്പാൻ, തായ്ലാൻഡ്, കൊറിയ, മലേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽ നിന്ന് അല്ലാതെ മറ്റ് രാജ്യങ്ങളിൽ നിന്ന് വന്നവർക്ക് നിരീക്ഷണ കാലാവധി അവസാനിപ്പിക്കാം. എന്നാൽ എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും വേഗം അടുത്തുള്ള ആശുപത്രിയുമായി ബന്ധപെടണം.

സംസ്ഥാന തലത്തിലും ജില്ലകളിലും അവശ്യ മാനവവിഭവശേഷി ഉറപ്പു വരുത്താൻ ടീമുകളെ വിന്യസിച്ചിട്ടുണ്ട്. വിമാനത്താവള നിരീക്ഷണത്തിനും, ആശുപത്രി നിരീക്ഷണത്തിനും ഗതാഗത സംവിധാനം ഉറപ്പു വരുത്താനും വേണ്ട മാനവവിഭവശേഷി എല്ലാ ജില്ലകളിലുമുണ്ട്. രോഗബാധ സംശയിക്കുന്ന കുടുംബങ്ങൾക്ക് മാനസിക പിന്തുണ നൽകുന്നതിനായി സംസ്ഥാനത്തൊട്ടാകെ 215 പേരെ വിന്യസിച്ചിട്ടുണ്ട്. 2656 ടെലിഫോണിക്ക് കൗൺസിലിംഗ് സേവനങ്ങളും ഇത് വരെ ലഭ്യമാക്കി.