തിരുവനന്തപുരം: ഇക്കാലത്ത് അരങ്ങ് മാനവികതയ്ക്കായി ഉണരേണ്ടതുണ്ടെന്നും മലയാള നാടകവേദി അതിന്റെ പഴയ പ്രതാപ കാലത്തിലേക്ക് തിരികെ എത്തുന്നതിന്റെ ഉണർവ് ദൃശ്യമാണെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഭാരത് ഭവൻ, നാട്യഗൃഹവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രൊഫ. ജി. ശങ്കരപിള്ള നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം നേടിയ പ്രൊഫ. വി. മധുസൂദനൻ നായരെ അടൂർ ഗോപാലകൃഷ്ണൻ ആദരിച്ചു. നാട്യഗൃഹം പ്രസിഡന്റ് പി.വി. ശിവൻ അദ്ധ്യക്ഷനായി. പ്രൊഫ. അലിയാർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നുർ, എസ്. മോഹൻ, കെ.കെ. വിജയൻ നായർ എന്നിവർ സംസാരിച്ചു.
തുടർന്ന് എം.വി. ഗോപകുമാർ സംവിധാനം ചെയ്ത നാട്യഗൃഹം അവതരിപ്പിച്ച 'സ്‌നേഹദൂതൻ' അരങ്ങേറി. നാട്യഗൃഹം, സ്‌കൂൾ ഒഫ് ഡ്രാമ, അഭിനയ, തമ്പ്, നിരീക്ഷ, രംഗപ്രഭാത് എന്നീ പ്രമുഖ നാടക സംഘങ്ങൾ പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെ പത്ത് നാടകങ്ങൾ ഭാരത് ഭവൻ ഓപ്പൺ എയർ തിയേറ്ററിൽ അവതരിപ്പിക്കും. ഫെബ്രുവരി 15 ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.