കോവളം: നിർമ്മാണം പുരോഗമിക്കുന്ന കഴക്കൂട്ടം - കാരോട് ബൈപാസിലെ റോഡ് നിർമ്മാണത്തിൽ അപാകതയെന്ന് ആക്ഷേപം. പാറയുമായെത്തിയ ലോറി കോവളം ജംഗ്ഷന് സമീപം അപകടത്തിൽപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. റോഡ് കുഴിഞ്ഞാണ് ലോറി അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞം തുറമുഖത്തെ പുലിമുട്ട് നിർമ്മാണത്തിന് കരിങ്കല്ലുമായി എത്തിയ ടോറസ് ലോറിയാണിത്. റോഡിന്റെ വശത്ത് കോൺക്രീറ്റ് ചെയ്‌ത ഭാഗം ഇടിഞ്ഞതിനെ തുടർന്ന് ലോറിയുടെ പുറകുവശത്തെ ഡോർ തകർന്ന് കരിങ്കല്ല് പുറത്തേക്ക് വീഴുകയുമായിരുന്നു. ലോറിയിലെ കല്ല് മറ്റൊരു വാഹനത്തിലേക്ക് മാറ്റിയ ശേഷം ജെ.സി.ബി ഉപയോഗിച്ചാണ് ലോറി കുഴിയിൽ നിന്നും മാറ്റിയത്. നേരത്തെയും ഇത്തരത്തിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നാണ് പരാതി. കഴക്കൂട്ടം മുതൽ പാറശാല വരെയുള്ള ബൈപാസ് പൂർണ തോതിൽ തുറന്നു കൊടുക്കുന്നതിന് മുമ്പ് റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപാകതയെന്ന് ആരോപണം
------------------------------------------
കോടികൾ മുടക്കി ആധുനിക രീതിയിൽ ശാസ്ത്രീയമായി നിർമ്മിക്കുന്നുവെന്ന് അധികൃതർ അവകാശപ്പെടുന്ന ബൈപാസ് റോഡിന്റെ വശം ഇടിഞ്ഞ് താഴ്ന്നത് നിർമ്മാണത്തിലെ അപാകതയാണ് വ്യക്തമാക്കുന്നതെന്നാണ് ആക്ഷേപം. ബൈപാസിലെ ഓടയോട് ചേർന്ന റോഡിന്റെ വശമാണ് ഇടിഞ്ഞത്. തുറമുഖത്തിന്റെ പുലിമുട്ട് നിർമ്മാണത്തിനായി നിരവധി ലോറികളാണ് പ്രതി ദിനം ബൈപാസ് വഴി പോകുന്നത്. ബൈപാസിന് സമാന്തരമായുള്ള സർവീസ് റോഡുകളെക്കുറിച്ചുള്ള പരാതികളും ഇതുവരെ പരിഹരിച്ചിട്ടില്ല. സർവീസ് റോഡിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്ര പോലും ബുദ്ധിമുട്ടാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പ്രധാന പരാതികൾ
---------------------------------------
റോഡ് കുഴിയുന്നത് പതിവാകുന്നു
സർവീസ് റോഡ് വെള്ളക്കെട്ടാകുന്നു
ഓടകൾക്ക് മേൽമൂടി നിർമ്മിച്ചിട്ടില്ല
സർവീസ് റോഡിൽ സ്ഥലപരിമിതി
ലോറികൾക്ക് പോകാൻ ബുദ്ധിമുട്ട്