തിരുവനന്തപുരം: ബഡ്ജറ്റിൽ തലസ്ഥാനജില്ലയെ അവഗണിച്ചുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തലസ്ഥാന ജില്ലയെ അവഗണിച്ചതായി സമൂഹമാദ്ധ്യമങ്ങളിലും പുറത്തും ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ ജില്ലയ്ക്ക് ലഭിച്ച പദ്ധതികൾ മന്ത്രി അക്കമിട്ട് നിരത്തി. ജില്ലയ്ക്കാകെ 1696 കോടിയുടെ പദ്ധതികളാണ് ബഡ്‌ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതെന്ന് മന്ത്രി അവകാശപ്പെട്ടു. 42 കോടി ടോക്കൺ അഡ്വാൻസും വച്ചിട്ടുണ്ട്. 100 കോടിയുടെ കാട്ടാക്കട ടൗൺഷിപ്പ് വികസനമാണ് പദ്ധതികളിൽ പ്രധാനം. 10 മുതൽ 50 കോടി വരെ ചെലവിടുന്ന 48 പദ്ധതികൾ ജില്ലയ്ക്കുണ്ട്. ആകെ 969 കോടിയാണ് പദ്ധതിച്ചെലവ്. വികസനം നടക്കാത്ത ഏതു സ്ഥലമാണ് തലസ്ഥാനത്തുള്ളതെന്നും അദ്ദേഹം ചോദിച്ചു. വിഴിഞ്ഞം തുറമുഖത്തിന് ആകെ 350 കോടി അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മുഴുവനായി കൈത്തറി മേഖലയ്ക്ക് പ്രഖ്യാപിച്ച 153 കോടിയിൽ പകുതിയും തിരുവനന്തപുരത്തിനാണ്. 1000 കോടിയുടെ തീരദേശപാക്കേജിലും തലസ്ഥാനത്തിന് അവകാശമുണ്ട്. വെസ്റ്റ് കോസ്റ്റ് കനാൽ, തീരദേശ മലയോര ഹൈവേകൾ എന്നിവയിലും ജില്ലയ്ക്ക് പ്രധാന്യം ലഭിക്കും. വ്യവസായ മേഖലയിൽ ട്രാവൻകൂർ ടൈറ്റാനിയത്തിന് 21.5 കോടി, കേരള ആട്ടോമൊബൈൽസിന് 13.6 കോടി, തിരുവനന്തപുരം സ്‌പിന്നിംഗ് മില്ലിന് ആറ് കോടി, ഹാൻഡി ക്രാഫ്റ്റ്‌സ് ഡെവലപ്പ്മെന്റ് കോർപറേഷന് 5 കോടി എന്നിങ്ങനെ വ്യവസായ മേഖലയിൽ വകയിരുത്തിയിട്ടുണ്ട്. കിഫ്ബി വഴി ജില്ലയിൽ 3008 കോടിയുടെ 96 പദ്ധതികൾ നടപ്പാക്കുന്നുണ്ട്. 24 റോഡുകൾക്കായി 1113 കോടിയും അഞ്ച് പാലങ്ങൾക്ക് 65 കോടിയും ഉള്ളൂർ,​ പട്ടം,​ ശ്രീകാര്യം ഉൾപ്പെടെ നാല് ഫ്ളൈ ഓവറുകൾക്കായി 316 കോടിയും വകയിരുത്തിയിട്ടുണ്ട്. മലയോര ഹൈവേക്ക് 209 കോടിയും കുടിവെള്ള പദ്ധതികൾക്കായി 544 കോടിയും ആശുപത്രികൾക്കായി 141 കോടിയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നവമാദ്ധ്യമങ്ങളിൽ ബോധപൂർവമായ പ്രചാരണങ്ങളാണ് നടക്കുന്നത്. മന്ത്രിയുടെ കോലം കത്തിക്കാൻ നടക്കുന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റും അണികളും കേരളത്തെ നിരന്തരം അവഗണിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലമാണ് കത്തിക്കേണ്ടത്. ഗ്രൂപ്പ് കളിച്ച് ജില്ലാപ്രസിഡന്റായ രാജേഷിന് വികസനത്തെക്കുറിച്ച് അറിയില്ലായിരിക്കും. കോൺഗ്രസിന് എന്തും പറയാം. മുമ്പ് തിരുവനന്തപുരത്തിന് ഉണ്ടായിരുന്ന ഒരു മന്ത്രിക്ക് വികസനം കാണുമ്പോൾ വലിയ കുറ്റബോധമുണ്ടാകും. അത് കരഞ്ഞ് തീർക്കുകയേ നിവൃത്തിയുള്ളൂ.- മന്ത്രി പറഞ്ഞു.