തിരുവനന്തപുരം: ആർ.എസ്.എസ്. സൈദ്ധാന്തികനും താത്വികാചാര്യനുമായ പി. പരമേശ്വർജിക്ക് തലസ്ഥാനത്തിന്റെ അന്ത്യാഞ്ജലി. ഇന്നലെ രാത്രി 10ന് സംസ്‌കൃതി ഭവനിൽ (വിചാര കേന്ദ്രം) പൊതുദർശനത്തിനുവച്ച ഭൗതിക ശരീരത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേർ അന്ത്യാഞ്ജലിയർപ്പിച്ചു. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, ഒ. രാജഗോപാൽ എം.എൽ.എ, മുൻ ഡി.ജി.പി ടി.പി. സെൻകുമാർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറിമാരായ സി. ശിവൻകുട്ടി, ജെ. പദ്മകുമാർ, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിക്കാൻ വിചാര കേന്ദ്രത്തിലെത്തി. ഇന്ന് രാവിലെ 5.45ന് സർ കാര്യവാഹ് ഭയ്യാജി ജോഷി ഭൗതിക ശരീരത്തിൽ അന്ത്യപ്രണാമം അർപ്പിച്ച ശേഷം 6.30ന് പാളയം അയ്യങ്കാളി ഹാളിലേക്കു വിലാപയാത്രയായി എത്തിക്കും. തുടർന്നുള്ള പൊതുദർശനത്തിൽ കേന്ദ്രമന്ത്രി സദാനന്ദഗൗഡ, ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കും. 10.30ന് ആലപ്പുഴ മുഹമ്മയിലെ സ്വവസതിയിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോകും.