p-paramweswaran

തിരുവനന്തപുരം: ഏഴുതിരിയിട്ട നിലവിളക്കുപോലെ ജീവിതത്തെ സൈദ്ധാന്തിക, താത്വികാചാരങ്ങളിൽ പ്രകാശിപ്പിച്ച് നിറുത്തിയിരുന്ന പി.പരമേശ്വരന് തലസ്ഥാനം കണ്ണീരോടെ വിട നൽകി. അറിവിന്റെ അപാരതീരങ്ങൾ അദ്ദേഹം പ്രഭാഷണത്തിലൂടെ പങ്കുവച്ച ഭാരതീയ വിചാരകേന്ദ്രം സംസ്കൃതിഭവനിലും അയ്യങ്കാളി ഹാളിലും പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ജീവിതത്തിന്റെ വിവിധമേഖലയിലുള്ളവർ അന്തിമോപചാരം അർപ്പിച്ചു. പരമേശ്വർജിയുടെ ഭൗതികദേഹം ഒരു നോക്ക് കാണാൻ ഇന്നലെ രാത്രി മുതൽ നിലയ്ക്കാത്ത പ്രവാഹമായിരുന്നു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് ഇന്നലെ രാത്രി കൊണ്ടുവന്ന മൃതദേഹം വിചാരകേന്ദ്രം ഏറ്റുവാങ്ങിയപ്പോൾ അത് ദു:ഖത്തിന്റെ ഇരമ്പലായി.

രാത്രിയിൽതന്നെ ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നും ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരുടെ ഒഴുക്കായിരുന്നു. പുലർന്നതോടെ ജനസഞ്ചയമായി. മൃതദേഹം വിലാപയാത്രയായി അയ്യങ്കാളി ഹാളിലേക്ക് കൊണ്ടുവന്നു. വൻജനാവലി വിലാപയാത്രയെ അനുഗമിച്ചു. അയ്യങ്കാളി ഹാളിൽ ഒരുനോക്കു കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനും നീണ്ട നിരയായിരുന്നു.

ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മസോറാം ഗവർണർ പി.ശ്രീധരൻപിള്ള, പ്രധാനമന്ത്രിക്കുവേണ്ടി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, കേന്ദ്രസഹമന്ത്രി വി.മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ എ.കെ.ബാലൻ, തോമസ് എെസക്, ഇ.ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മിസോറാം മുൻഗവർണർ കുമ്മനം രാജശേഖരൻ, ആർ.എസ്.എസ് സർകാര്യ വാഹക് ഭയ്യാജി ജോഷി, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, സി.പി.എെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഒ.രാജഗോപാൽ എം.എൽ.എ, മുൻമന്ത്രി വി.സുരേന്ദ്രൻപിള്ള, ചെറിയാൻ ഫിലിപ്പ് , ബി.ജെ.പി നേതാക്കളായ കെ.സുരേന്ദ്രൻ, എൻ.എൻ.കൃഷ്ണദാസ്, വി.വി.രാജേഷ്, എസ്.സുരേഷ്, മുൻഡി.ജി.പി ടി.പി.സെൻകുമാർ, പി. സി. തോമസ്, ബി.ജെ.പി നേതാവ് അഡ്വ. ജെ. പത്മകുമാർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

ആയിരങ്ങളുടെ സാന്നിദ്ധ്യത്തിൽ രാവിലെ പത്തര പിന്നിട്ടപ്പോൾ മൃതദേഹം അയ്യങ്കാളി ഹാളിൽ നിന്നെടുത്ത് സ്വദേശമായ ആലപ്പുഴയിലേക്ക് കൊണ്ടുപോയി. വഴിയോരങ്ങളിലും അന്തിമോപചാരം ആർപ്പിക്കാൻ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ കാത്ത് നിന്നു. ഉച്ചയ്ക്കുശേഷം മുഹമ്മയിലെ താമരശേരി ഇല്ലത്താണ് സംസ്കാരം.

ഋഷ്യ തുല്യമായ ജീവിതമാണ് പരമേശ്വർജി നയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. രാജ്യത്തിനായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു പരമേശ്വർജിയുടേതെന്ന് ആർ.എസ്.എസ് സർകാര്യവാഹക് ഭയ്യാജി ജോഷി അനുസ്മരിച്ചു.