ബെയ്ജിംഗ്: ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 908 ആയി. കൊറോണ ബാധിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 40,171 ആയി ഉയർന്നു. എന്നാൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തിൽ ആറുദിവസമായി കുറവുണ്ടെന്ന് ചൈനീസ് ദേശീയ ആരോഗ്യകമ്മിഷൻ പറഞ്ഞു. കൂടുതൽ പേരും മരിച്ചത് വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബെ പ്രവിശ്യയിലാണ്. ഹുബെയിലും വുഹാനിലും അതിഗുരുതരമാണ് സ്ഥിതിയെന്നും രോഗബാധിതരുടെ എണ്ണത്തിൽ ഇനിയും വർദ്ധനയുണ്ടാകാമെന്നും ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസീസ് പ്രോഗ്രാം എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. മിഖായേൽ റയാൻ പറഞ്ഞു.
വൈറസ് ബാധ നേരിടാൻ 4300 കോടി ഡോളർ (മൂന്നുലക്ഷം കോടി രൂപ) വീണ്ടും അനുവദിക്കുമെന്ന് ചൈനീസ് കേന്ദ്രബാങ്ക് പ്രഖ്യാപിച്ചു. ചൈനയ്‌ക്ക് പുറത്ത് ബ്രിട്ടനിലും സ്‌പെയിനിലും കൂടുതൽ വൈറസ് ബാധ റിപ്പോർട്ടു ചെയ്തു. സിംഗപ്പൂരിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് ഇപ്പോഴും തുടരുകയാണ്. സിംഗപ്പൂരിൽ 40 പേർക്കാണ് വൈറസ് ബാധിച്ചത്.
അതേസമയം കൊറോണ വൈറസ് ബാധയെ നേരിടാൻ ചൈനയ്ക്ക് ഇന്ത്യ സഹായ വാഗ്ദാനം നൽകി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. വെല്ലുവിളി നേരിടാൻ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊറോണ ബാധിച്ച് ഉണ്ടായ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ഹുബെ പ്രവിശ്യയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ചൈന നൽകിയ സഹായത്തിന് പ്രധാനമന്ത്രി നന്ദിയും രേഖപ്പെടുത്തി.