
കണ്ണൂർ: സംസ്ഥാനത്ത് രണ്ട് ട്രെയിനുകളിലായി നടന്ന മോഷണം സംബന്ധിച്ച അന്വേഷണം ഊർജ്ജിതം. വെള്ളിയാഴ്ച അർദ്ധ രാത്രിയിലും ശനിയാഴ്ച പുലർച്ചെയുമായാണ് ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് ട്രെയിനിലും തിരുവനന്തപുരം- മംഗളൂരു മലബാർ എക്സ് പ്രസിൽ കവർച്ച നടന്നത്. സൂപ്പർ ഫാസ്റ്റിൽ ചെന്നൈ സ്വദേശി പൊന്നിമാരനും മലബാർ എക്സ് പ്രസിൽ കാഞ്ഞങ്ങാട് പുല്ലൂർ ഉദയനഗർ സ്വദേശി വൈശാഖും ഭാര്യ പ്രവീണയുമാണ് കവർച്ചയ്ക്ക് ഇരകളായത്. റെയിൽവെ പൊലീസ് ഡിവൈ.എസ്.പി എ.ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അന്യസംസ്ഥാന റെയിൽവേ മോഷ്ടാക്കളിലേക്കും അന്വേഷണം നടക്കുന്നുണ്ട്. ജയിലിൽനിന്ന് പുറത്തിറങ്ങിയ മൂന്ന് സംഘങ്ങളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും അറിയുന്നു. പഴുതടച്ച നിലയിലാണ് കേസ് അന്വേഷിക്കുന്നത്. കിട്ടാവുന്നിടത്തോളം വിരലടയാളങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് ഡിവൈ.എസ്.പി കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. കോഴിക്കോടിനും ചെന്നൈയ്ക്കും ഇടയിലുള്ള സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിക്കാൻ തുടങ്ങി. എന്നാൽ എല്ലാ സ്റ്റേഷനിലും സി.സി ടി.വി സംവിധാനം ഇല്ലാത്തത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. നിരീക്ഷണത്തിലുള്ള മോഷണ സംഘത്തിന്റെ മോഷണ രീതിയും രണ്ട് ട്രെയിനുകളിലും നടന്ന മോഷണ രീതിയും ഏതാണ്ട് സമാന സ്വഭാവം ഉള്ളതാണെന്നാണ് ലഭിക്കുന്ന സൂചന.
എന്നാൽ പൊലീസ് അന്വേഷണിലെ കൃത്യമായ പുരോഗതി പുറത്ത് പറയാൻ തയ്യാറായിട്ടില്ല. വിവരങ്ങൾ പുറത്തുപോയാൽ അന്വേഷണത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് പൊലീസ്. കവർച്ചാ സംഘത്തെ പിടിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാണെന്ന് പൊലീസ് പറഞ്ഞു. റെയിൽവേയുമായി ബന്ധമുള്ള ആർക്കെങ്കിലും കവർച്ചയുമായി ബന്ധമുണ്ടാകാമെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. കൃത്യമായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. മോഷ്ടാക്കൾക്ക് ഇത്തരത്തിൽ കൃത്യമായി വിവരം ലഭിക്കണമെങ്കിൽ റെയിൽവേയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആരുടെയെങ്കിലും സഹായം ഉണ്ടായോ എന്നാണ് പരിശോധിക്കുന്നത്. ഷൊർണൂർ ഇൻസ്പെക്ടർ കീർത്തിബാബു, കോഴിക്കോട് ഇൻസ്പെക്ടർ സുരേഷ്ബാബു, കണ്ണൂർ എസ്.ഐ സുരേന്ദ്രൻ കല്യാടൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ള മറ്റുള്ളവർ.