health

​​​​​അന്തരീക്ഷത്തിൽ ചൂടും പൊടിയും നിറഞ്ഞ വേനൽക്കാലത്ത് പല സാംക്രമിക രോഗങ്ങളും കാണാറുണ്ട്. ഇത്തരത്തിൽ വളരെ പെട്ടെന്ന് പടർന്നുപിടിക്കുന്ന ഒരു രോഗമാണ് ചെങ്കണ്ണ്.ഇത് പ്രധാനമായും രണ്ട് തരമാണ്. ബാക്ടീരിയ ഉണ്ടാക്കുന്ന അണുബാധയും വൈറസ് ഉണ്ടാക്കുന്ന അണുബാധയും.

ബാക്ടീരിയ ഉണ്ടാക്കുന്ന ചെങ്കണ്ണ് വളരെ സാധാരണമാണ്. ഇത് മറ്റൊരു വ്യക്തിയിൽ നിന്നോ ബാഹ്യവസ്തുക്കളിൽ നിന്നോ കണ്ണീച്ച, പ്രാണികൾ എന്നിവ കണ്ണിൽ പ്രവേശിക്കുന്നതുകൊണ്ടോ ഉണ്ടാകാം. മഞ്ഞ നിറത്തിലോ പച്ച നിറത്തിലോ കട്ടിയായി പഴുപ്പ് വരുന്നതാണ് പ്രധാന ലക്ഷണം. രാവിലെ കൺപോളകൾക്ക് ഒട്ടൽ അനുഭവപ്പെടുക, ചുമപ്പ്, പോളകളിൽ നീർക്കെട്ട്, വെള്ളം ഒലിക്കൽ എന്നീ ലക്ഷണങ്ങളും ഉണ്ടാകും. ഒപ്പം ചെവി പഴുപ്പ്, ജലദോഷം എന്നീ രോഗങ്ങളും പലപ്പോഴും ഉണ്ടാകാറുണ്ട്. വൈറസ് പല തരത്തിലും കണ്ണുകളെ ബാധിക്കാം. കണ്ണിൽ വേദനയ്ക്ക് ഒപ്പം തുടർച്ചയായി വെള്ളം ഒലിക്കുന്നതാണ് പ്രധാന ലക്ഷണം. കണ്ണ് ചുവപ്പ്, പഴുപ്പടിയൽ എന്നീ ലക്ഷണങ്ങൾ കുറവാണ്. പക്ഷേ, കണ്ണിനുള്ളിലും ചുറ്റും നീരുവയ്ക്കൽ, ചെവിക്കു മുന്നിൽ വേദന, കഴല പ്രത്യക്ഷപ്പെടുക എന്നിവ വൈറൽ ചെങ്കണ്ണിന്റെ ലക്ഷണങ്ങളാണ്. കൂടുതലായി കാണപ്പെടുന്ന അഡിനോവൈറസ് ബാധ കണ്ണിന്റെ ബാഹ്യപാളിയായ കൺജംഗ്‌റ്റൈവയ്ക്ക് പുറമെ സുതാര്യമായ നേത്രപടലത്തെയും ബാധിക്കുന്നതായി കാണാറുണ്ട്. ഇത് കാരണം വെളിച്ചത്തിലേക്ക് നോക്കുമ്പോൾ വേദന, കാഴ്ച പടന്ന് വ്യക്തമല്ലാതെ തോന്നുക എന്നീ ലക്ഷണങ്ങൾ ഉണ്ടായേക്കാം.

പലപ്പോഴും, പനി, തൊണ്ടവേദന, ജലദോഷം എന്നീ ലക്ഷണങ്ങളും ഉണ്ടായേക്കാം.

ഇതിനു പുറമേ ചിക്കൻപോക്സ്, ഹെർപ്പസ് എന്നീ രോഗങ്ങൾ ഉണ്ടാക്കുന്ന വേരിസെല്ല സോസ്റ്റർ എന്ന അണുബാധയും കണ്ണുകളെ ബാധിക്കുന്നതായി കാണാറുണ്ട്. കൊറോണ വൈറസ് അണുബാധയിലും ചെങ്കണ്ണ് ഒരു പ്രധാന രോഗലക്ഷണമായി കാണുന്നു.

ശ്രദ്ധിക്കുക

1.ജലദോഷം,പനി, ചെങ്കണ്ണ്, ചുമ എന്നീ ലക്ഷണങ്ങൾ ഉള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക.

2. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

3. മറ്റുള്ളവർ മുഖത്ത് തൊടുന്നത് കഴിവതും ഒഴിവാക്കുക.

4. ചുമയോ ജലദോഷമോ ഉള്ള വ്യക്തികൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ തൂവാല കൊണ്ട് മൂക്കും വായും പൊത്തുകയും ശേഷം കൈകൾ വൃത്തിയാക്കുകയും വേണം.

5.ചെങ്കണ്ണുള്ളവർ സ്വന്തം കണ്ണുകൾ എപ്പോഴും തിരുമ്മുകയും ആ കൈകൾ കൊണ്ട് പൊതുസ്ഥലങ്ങളിലെ വാതിലുകൾ, കസേരകൾ എന്നിവ തൊടുകയും ചെയ്യുന്നത് രോഗാണുക്കൾ പടരാൻ കാരണമാകും.

ഡോ. വീണാവിശ്വം

മെഡിക്കൽ സൂപ്രണ്ട്,

അമർദീപ് ഐ കെയർ,

പേരൂർക്കട, തിരുവനന്തപുരം.

ഫോൺ: 9447195795.