rajanikanth

ചെന്നൈ: രജനീകാന്തായിരിക്കുമോ അടുത്ത തമിഴ്നാട് മുഖ്യമന്ത്രി? രണ്ടുമാസത്തിനകം രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമുണ്ടാവുമെന്ന വാർത്ത പുറത്തുവന്നതോടെ തമിഴ്നാട്ടിൽ ചർച്ച ഈ വഴിക്കും നീളുന്നു. അടുത്തകൊല്ലമാണ് തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ്. തമിഴ് രാഷ്‌ട്രീയത്തിൽ സിനിമയ്‌ക്ക് എന്നും ഉയർന്ന റോളാണുള്ളത്. ഏറ്റവും അനുകൂലമായ സാഹചര്യം ഇപ്പോഴാണെന്ന് വ്യക്തമായതിനാലാണ് നേരത്തേ പലവതവണ മാറ്റിവച്ച പ്രഖ്യാപനം ഉടൻ നടത്താൻ രജനി തീരുമാനിച്ചതെന്നാണ് വിലയിരുത്തൽ. ചെറുതും വലുതുമായ രാഷ്ട്രീയ പാർട്ടികളെ കൂടെ നിറുത്തി മറ്റാർക്കും സങ്കല്പിക്കാനാവാത്ത വിജയം കരസ്ഥമാക്കുക എന്നതാണ് രജനിയുടെ ലക്ഷ്യം. ഏപ്രിൽ 14ന് ശേഷം പാർട്ടി പ്രഖ്യാപിക്കും. ആഗസ്‌റ്റിൽ പാർട്ടിയുടെ ആദ്യ സമ്മേളനം നടക്കും. സെപ്റ്റംബറിൽ സംസ്ഥാന ജാഥ നടത്തും. ഇതിനുപിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കും എന്നാണ് ഇപ്പോൾ കേൾക്കുന്നത്. അതോടെ രജനി അഭിനയത്തോട് പൂർണമായും വിടചൊല്ലും എന്നുംകേൾക്കുന്നുണ്ട്. എന്നാൽ, രാഷ്ട്രീയത്തിൽ അദ്ദേഹം ആർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കും എന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്കയുണ്ട്.

ചായ്‌വ് ബി.ജെ.പിയിലേക്ക്

ബി.ജെ.പിയോട് അനുഭാവ പൂർണമായ നിലപാടാണ് രജനീകാന്തിനെന്നാണ് സൂചന. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധ സമരങ്ങളെ തള്ളിപ്പറഞ്ഞതുതന്നെ ഒടുവി​ലത്തെ ഉദാഹരണം. നേരത്തേ രജനികാന്തിനെ എൻ.ഡി.എയിലേക്ക് ബി.ജെ.പി നേതാക്കൾ ക്ഷണിച്ചിരുന്നു. ഈ നീക്കം സാദ്ധ്യമായാൽ രജനിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാകും ബി.ജെ.പി ഒരുങ്ങുക. സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിനൊപ്പം ഡി.എം.കെയുടെ സ്വാധീനം ഇല്ലാതാക്കുക എന്നതും ബി.ജെ.പിയുടെ ലക്ഷ്യമാണ്. രജനി തങ്ങളുടെ കൂടെക്കൂടിയാൽ ഇതുരണ്ടും നിഷ്പ്രയാസം നടക്കും എന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ നയം വ്യക്തമാക്കാൻ രജനി തയ്യാറായിട്ടില്ല.

എൻ ഡി എയിലേക്ക് പോയില്ലെങ്കിലും ബി.ജെ.പി തങ്ങൾക്ക് പിന്തുണ നൽകും എന്നാണ് രജനിയുടെ അടുപ്പക്കാരുടെ പ്രതീക്ഷ. എന്നാൽ, ബി.ജെ.പി അനുകൂല നിലപാടുകൾ രജനിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന നിരീക്ഷണവും ശക്തമാണ്. ഏറെ പ്രതീക്ഷയുമായി എത്തിയെങ്കിലും രാഷ്ട്രീയത്തിൽ ഒന്നുമല്ലാതായിപ്പോയ വിജയകാന്തിന്റെയും ശരത്കുമാറിന്റെയും അനുഭവമാകുമോ രജനിക്കുണ്ടാവുന്നത് എന്ന് സന്ദേഹിക്കുന്നവരും കുറവല്ല.

ക്ളച്ചുപിടിക്കുമോ?

നേരത്തേ തമിഴ്നാട്ടിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു രജനീകാന്ത്. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും, ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും തിരഞ്ഞെടുത്തത് രജനിയെയായിരുന്നു. എന്നാൽ, ഇപ്പോഴത്തെ രജനി പഴയ രജനിയുടെ ഒരു നിഴൽ മാത്രമാണെന്നാണ് ചിലരുടെ ആരോപണം. ദർബാർ എന്ന സിനിമയുടെ പരാജയം തന്നെ ഏറ്റവും നല്ല ഉദാഹരണം. തങ്ങൾക്കുണ്ടായ വൻനഷ്ടം രജനി നികത്തണമെന്നാവശ്യപ്പെട്ട് വിതരണക്കാർ രംഗത്തെത്തിയിരുന്നു.

തമിഴിലെ വമ്പമാരായ സൺപിക്ചേഴ്സിന്റേതാണ് രജനിയുടെ അടുത്ത ചിത്രം. ദർബാറിന്റെ പരാജയത്തോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടന്മാരിൽ ഒരാളായ രജനി​ക്ക് പ്രതിഫലം പകുതിയായി കുറയ്ക്കേണ്ടിവന്നു. തമിഴ്നാട്ടിലെ മുടിചൂടാമന്നനായിരുന്ന താരരാജാവി​ന്റെ സ്വാധീനം കുറയുന്നു എന്നതിന് ഇതിൽപ്പരം തെളിവുവേണോ എന്നാണ് എതിരാളികൾ ചോദിക്കുന്നത്.

പന്ത്രണ്ടുപേരുടെ മണത്തിനിടയാക്കിയ തൂത്തുക്കുടി വെടിവയ്പ്പിൽ പ്രക്ഷാേഭം നടത്തിയവർക്കെതിരെ നടത്തിയ പരാമർശത്തോടെ ഫാൻസുകാരിൽ ചിലരും രജനിക്ക് എതിരായെന്ന പ്രചാരണം ശക്തമായിരുന്നു.

തള്ളിപ്പറഞ്ഞ ആ നിലപാടുകൾ

എന്നും രജനിയുടെ പ്രധാന ശത്രു ജയലളിതയും അവരുടെ പാർട്ടിയുമായിരുന്നു. ജയലളി​തയുടെ നി​ലപാടുകളെ രജനി​ പരസ്യമായി​ തള്ളി​പ്പറഞ്ഞി​രുന്നു. 1995ൽ അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് തമിഴ്‌നാട് നിയമസഭാ തി​രഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് പിന്തുണ നൽകാൻ സന്നദ്ധനാണെന്ന് രജനി പ്രഖ്യാപിച്ചു. എന്നാൽ,1996ൽ കോൺ​ഗ്രസ് എ.ഐ.എ.ഡി.എം.കെയുമായി സഹകരിക്കാൻ തീരുമാനിച്ചപ്പോൾ ചുവടുമാറ്റി​യ രജനി​ ഡി.എം.കെ, ടി.എം.സി മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. തി​രഞ്ഞെടുപ്പിൽ സൈക്കിൾ ആയിരുന്നു ടി.എം.സിയുടെ ചിഹ്നം. അണ്ണാമലൈ എന്ന സി​നി​മയി​ൽ സൈക്കിളിൽ സഞ്ചരിക്കുന്ന രജനിയുടെ ചിത്രമാണ് പാർട്ടി പോസ്റ്ററുകളിൽ ഉപയോഗിച്ചത്. എ.ഐ.എ.ഡി.എം.കെ അധികാരത്തിലെത്തിയാൽ ദൈവത്തിനു പോലും തമിഴ്‌നാടിനെ രക്ഷിക്കാനാവില്ലെന്ന് രജനി പ്രഖ്യാപിച്ചു.1998ലെ പാർലമെന്റ് തി​രഞ്ഞെടുപ്പിലും രജനി ഡി.എം.കെ- ടി.എം.സി മുന്നണിക്കൊപ്പമായിരുന്നു.
2002ൽ കാവേരി നദീജല തർക്കത്തിൽ കർണാടകത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് രജനികാന്ത് ഉപവാസ സമരം നടത്തി. നദീ ബന്ധന പദ്ധതിക്ക് ഒരു കോടി രൂപ നൽകാൻ തയാറാണെന്ന് പ്രഖ്യാപിച്ച രജനി​ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയെ കണ്ട് പദ്ധതിക്ക് പിന്തുണ അറിയിച്ചു. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രജനി ബി.ജെ.പി- എ.ഐ.എ.ഡി.എം.കെ മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തി​രുന്നു.

രജനീകാന്തിന്റെ നിലപാടുകളെ ജയലളിത ഒട്ടും ഗൗനിച്ചിരുന്നില്ല. താരരാജാവുമായി ഒരുതരത്തിലുള്ള ഒത്തുതീർപ്പിനും അവർ വഴങ്ങിയിരുന്നില്ല. എ.ഐ.എ.ഡി.എം.കെ പ്രതിപക്ഷത്തിരുന്നപ്പോൾ പോലും രജനിയുമായി ഒത്തുതീർപ്പിന് അവർ ശ്രമിച്ചിരുന്നില്ല.