sasee
എ.കെ.ശശീന്ദ്രൻ

തിരുവനന്തപുരം: 2019ൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് 2.67 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്യുകയും 33.80 കോടി പിഴ ഈടാക്കുകയും ചെയ്തതായി മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. നിയമം ലംഘിച്ചതിന് 28,​020 ലൈസൻസുകൾ റദ്ദാക്കി. കഴിഞ്ഞവർഷം 4439 പേർ വാഹനാപകടത്തിൽ മരിച്ചുവെന്നും യു.പ്രതിഭ, കാരാട്ട് റസാഖ്, പി. കെ. ശശി, ജോൺ ഫെർണാണ്ടസ്,​ എ.എം. ഷംസീർ, ബി. സത്യൻ, എ.പ്രദീപ് കുമാർ, കെ. ആൻസലൻ, കെ. സുരേഷ് കുറുപ്പ്, വി.എസ്. ശിവകുമാർ, ടി.ജെ. വിനോദ്, അനിൽ അക്കര എന്നിവരെ മന്ത്രി അറിയിച്ചു. സ്‌കൂൾ വാഹനങ്ങളിൽ ആയമാരെ നിയമിക്കാത്ത സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടും. വാഹനത്തിന്റെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കും. ഈ മാസം അവസാനത്തോടെ ആംബുലൻസുകളിൽ ജി.പി.എസ് സംവിധാനം നിർബന്ധമാക്കുമെന്നും ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.

സാങ്കേതിക സർവകലാശാലയിൽ ഇന്റേണൽ അസസ്‌മെന്റിന് മിനിമംമാർക്ക് വേണ്ടെന്ന നിബന്ധന എല്ലാ ആർട്സ് ആൻഡ് സയൻസ് കോളേജുകൾക്കും ബാധകമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ആരോഗ്യ സർവകലാശാലയിലും ഇത് ബാധകമാക്കണമെന്ന് ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് 34 ഗവൺമെന്റ് കോളേജുകൾക്ക് നാക്ക് അക്രഡിറ്റേഷൻ ഉണ്ട്. 144 എയ്ഡഡ് കോളേജുകൾ, ഏഴ് എൻജിനിയറിംഗ് കോളേജുകൾ, 23 സ്വാശ്രയ കോളേജുകൾ എന്നിവയ്ക്ക് എൻ.ബി.എ അക്രഡിറ്റേഷനുണ്ട്. കേരളത്തിലെ നാല് യൂണിവേഴ്‌സിറ്റികൾ എൻ.ഐ.ആർ.എഫിന്റെ ആദ്യ നൂറ് റാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വി.ജോയ്, എ.എൻ ഷംസീർ, ആന്റണി ജോൺ, ടി.വി രാജേഷ്, പ്രൊഫ. കെ.യു. അരുണൻ എന്നിവരെ മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് നിലവിൽ 1,63,404 ഭവനരഹിതരായ പട്ടികജാതി കുടുംബങ്ങളുണ്ടെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ഇതിൽ 1,01,866 ഭൂരഹിത ഭവനരഹിതരും 61,538 ഭൂമിയുള്ള ഭവനരഹിതരുമാണ് ഉൾപ്പെടുന്നത്. കഴിഞ്ഞ വർഷം 2614 കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിന് ധനസഹായം നൽകി. ഭവനരഹിതരായ പട്ടികജാതി വിഭാഗത്തിൽ ലൈഫ് പട്ടികയിൽ ഉൾപ്പെട്ട 20,948 കുടുംബങ്ങളിൽ 9160 കുടുംബങ്ങൾ കരാറിൽ ഒപ്പിട്ട് നിർമാണം ആരംഭിച്ചിട്ടുണ്ട്. 5230 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടെന്നും ബി. സത്യനെ മന്ത്രി അറിയിച്ചു.