
നേർക്കാഴ്ച തടയുന്നതിന്, പരിമിതമായ അറിവ് ഒരു തന്ത്രമായി എല്ലാ രാഷ്ട്രീയ കക്ഷികളിലും ഉൾപെട്ടവർ വിദഗ്ദ്ധമായി ഉപയോഗിക്കുന്ന ഒരു കാലഘട്ടമാണിത്. വിഷയങ്ങളെക്കുറിച്ച് ഗഹനമായി പഠിക്കാൻ മെനക്കെടാതിരിക്കുക എന്നത് അവർക്ക് ഒരു ശീലമായി മാറിയിരിക്കുന്നു. ഇവിടെയാണ് പി. പരമേശ്വരനെ പോലുള്ള അപൂർവ വ്യക്തികളുടെ പഠന ഗവേഷണങ്ങളും വിചാരധാരയും വ്യത്യസ്തമാകുന്നത്.
ഇന്ത്യയുടെ യഥാർത്ഥ സംസ്കാരവും ചരിത്രവും മഹർഷിശ്രേഷ്ഠന്മാരുടെ ജീവിത സന്ദേശത്തിൽ നിന്നും അണുവിട വ്യത്യസ്തമല്ല. ഇന്ത്യയെക്കുറിച്ചും ഹൈന്ദവ സംസ്കാരത്തിന്റെ സംസ്കൃതിയെക്കുറിച്ചും പഠിക്കാൻ പി. പരമേശ്വരൻ ആശ്രയിച്ചതും ഇവിടെ ജീവിച്ച് പ്രകാശം പരത്തിയ മനീഷികളുടെ ജീവിതത്തെയും അക്ഷരങ്ങളെയുമാണ്. പ്രത്യേകിച്ചും വിവേകാനന്ദസ്വാമി, അരവിന്ദ മഹർഷി, ശ്രീനാരായണഗുരു തുടങ്ങിയവരുടെ ദർശനങ്ങൾ ആഴത്തിൽ പഠിക്കുന്നതിനായി അദ്ദേഹം സ്വജീവിതം ഉഴിഞ്ഞുവച്ചു.കാലാതീതമായ. അവരുടെ വാക്കുകളുടെ ദർശനത്തിൽ സ്വന്തം ഭാരതീയ വിചാരധാര രൂപപ്പെടുത്തി എന്നതാണ് പരമേശ്വർജി എന്ന് ആദരപൂർവം വിശേഷിപ്പിക്കപ്പെടുന്ന പി.പരമേശ്വരൻ നാടിന് നൽകിയ ഏറ്റവും മൗലികമായ സംഭാവന.
ആഗമാനന്ദ സ്വാമിയുടെ ആദ്യകാല ശിഷ്യനായിട്ടാണ് അദ്ദേഹം സാമൂഹ്യ പ്രവർത്തനത്തിലേക്ക് ചുവട് വച്ചത്. ശ്രീനാരായണ ഗുരുവിന്റെ സ്വാധീനത്തിൽ ക്ഷേത്ര പ്രവേശന സമരങ്ങൾക്കും ഹരിജനോദ്ധാരണത്തിനും ഇറങ്ങിത്തിരിച്ച വിപ്ളവകാരിയായ സന്യാസിയായിരുന്നു ആഗമാനന്ദൻ. നമ്പൂതിരി സമുദായത്തിൽ ജനിച്ച ആഗമാനന്ദനെതിരെ 'ആഗമാനന്ദനും പട്ടിക്കും പ്രവേശനമില്ല' എന്ന് സ്വസമുദായത്തിൽപ്പെട്ട യാഥാസ്ഥിതികർ എഴുതിവച്ചത് കേരള ചരിത്രത്തിലെ മറക്കാനാവാത്ത ഏടുകളിൽ ഒന്നാണ്. എന്നാൽ ആഗമാനന്ദന്റെ ചടുലമായ ഇടപെടലുകളല്ല പി. പരമേശ്വരൻ പിന്തുടർന്നത്. മറിച്ച് സമൂഹത്തിൽ ദീർഘകാലം നിലനിൽക്കുന്ന ആശയപരമായ മാറ്റം കൊണ്ടുവരുന്നതിനുള്ള ധൈഷണികതയുടെ പാതയാണ് അദ്ദേഹം സ്വയം വരിച്ചത്. അതിനദ്ദേഹം സ്വീകരിച്ച രാഷ്ട്രീയം ജനസംഘത്തിന്റേതും ആർ.എസ്.എസിന്റേതുമായിരുന്നു. ജനസംഘത്തിന്റെ ദേശീയ വൈസ് പ്രസിഡന്റ് വരെയായി ഉയർന്ന അദ്ദേഹത്തിന് ബി.ജെ.പിയിൽ നിന്ന് കേരളത്തിലെ ആദ്യത്തെ കാബിനറ്റ് റാങ്കുള്ള കേന്ദ്രമന്ത്രിയാകാൻ നിസംശയം കഴിയുമായിരുന്നു. ഇതിനായി എൽ.കെ. അദ്വാനി സ്നേഹപൂർവം നിർബന്ധിക്കുകയും ചെയ്തിരുന്നു. ഇൗ വസ്തുത പാർട്ടിയിലെ പോലും ചുരുക്കം ചിലർക്കേ അറിയാമായിരുന്നുള്ളൂ. എന്നാൽ പഠനവും ഗവേഷണവുമാണ് തന്റെ വഴിയെന്നും അധികാരത്തിന്റെ വഴി തനിക്ക് ഇണങ്ങില്ലെന്നും നിസംഗമാനസനായ അദ്ദേഹം അടിയന്തരാവസ്ഥയിലെ ജയിൽവാസത്തിനുശേഷം തീരുമാനിച്ചുറപ്പിച്ചിരുന്നു.
ഇ.എം. എസുമായി പി. പരമേശ്വരൻ നടത്തിയ സംവാദം അന്നത്തെ കേരളം ഒട്ടാകെ ജിജ്ഞാസാപൂർവം ശ്രദ്ധിച്ചതാണ്. ധൈഷണിക മണ്ഡലത്തിൽ പ്രവർത്തിക്കുന്നവർ അധിക ശ്രദ്ധയോടെ പി. പരമേശ്വരനെ വീക്ഷിച്ച് തുടങ്ങിയതും അന്നുമുതലാണ്. സംവാദത്തിലേർപ്പെട്ട രണ്ടുപേരും അവരവരുടെ വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുള്ളവർ. പക്ഷേ അവരുടെ സംവാദം ആശയങ്ങൾ തമ്മിലടിച്ച് പോർവിളിശബ്ദം മുഴക്കുന്നതായിരുന്നില്ല. അറിവിന്റെ തലങ്ങളിൽ നിന്നുള്ള സസൂക്ഷ്മമായ വിലയിരുത്തലുകളായിരുന്നു അവ. പലപ്പോഴും നമ്മുടെ ദൃശ്യമാദ്ധ്യമങ്ങളിലും മറ്റും പരസ്പരം പോർവിളി മുഴക്കുന്നവർ വിഷയങ്ങളുടെ അറിവില്ലായ്മയുടെ തലത്തിലാണ് വ്യാപരിക്കുന്നത് എന്നു മനസിലാക്കാൻ നമുക്ക് കഴിയുന്നത് വിരുദ്ധ ചേരികളിൽ നിന്നുള്ള ഇ.എം.എസ്സിനെയും പി. പരമേശ്വരനെയും പോലുള്ള വ്യക്തികൾ നടത്തിയിട്ടുള്ള ആശയ സംവാദങ്ങൾ വഴികാട്ടികളായി മുന്നിലുള്ളതുകൊണ്ടാണ്.
ശ്രീനാരായണഗുരു - നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന പേരിൽ പി. പരമേശ്വരൻ എഴുതിയ ലളിതമായ പുസ്തകം അതുവരെ ഗുരുവിന്റെ സംഭാവനകളെ മനസാ വാചാ അംഗീകരിക്കാൻ വൈമുഖ്യം കാണിച്ചിരുന്ന ചിലരുടെ കണ്ണ് തുറപ്പിച്ചത് കൂടിയായിരുന്നു.
ഭാരതീയ വിചാരകേന്ദ്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ സമാധാനപരമായ ഒരു ക്ഷേമരാഷ്ട്രത്തിന്റെ നിർമ്മിതിക്ക് എക്കാലവും ഉൗർജ്ജം പകരുന്നവയാണ്.
രാജ്യം അദ്ദേഹത്തിന് പത്മശ്രീ, പത്മവിഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചു. വിദ്യാഭ്യാസ കാലഘട്ടത്തോടെ മുഹമ്മയിലെ വീട് വിട്ട അദ്ദേഹം പിന്നെ അപൂർവമായേ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നുള്ളൂ. തൊണ്ണൂറ്റി മൂന്നാം വയസ്സിൽ വിടപറയുമ്പോഴും അദ്ദേഹത്തിന് സ്വന്തമായി ഒരു വീടില്ല. ബാക്കിവച്ചത് തന്റെ വിചാര ധാരയും കുറച്ച് ദാർശനിക ഗ്രന്ഥങ്ങളും മാത്രം.
തുടക്കംമുതൽ ശാന്തമായൊഴുകിയ ഒരു പുഴയുടെ അതീവ ശാന്തമായ സാഗര സംഗമം പോലെയാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചിരിക്കുന്നത്. ആ ആശയ സത്പുരുഷന്റെ വിയോഗത്തിൽ ഹൃദയത്തിൽ തട്ടിയ വ്യസനം ഞങ്ങൾ പങ്കിടുന്നു.