തിരുവനന്തപുരം: റിബേറ്റ് കുടിശിക മുഴുവൻ മാർച്ച് 31 മുമ്പ് വിതരണം ചെയ്യുക, സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഖാദി തുണിത്തരങ്ങളുടെ 50 ശതമാനമെങ്കിലും സർക്കാർ ആശുപത്രികൾ, ടൂറിസം വകുപ്പ്, സ്‌കൂൾ യൂണിഫോം എന്നീ മേഖലകളിൽ വാങ്ങുന്നതിന് സർക്കാർ നിർദ്ദേശം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഖാദി സംരക്ഷണ സമിതി സെക്രട്ടേറിയറ്റിന് മുന്നിൽ ഏകദിന ഉപവാസം നടത്തി. ഖാദിയെ സർക്കാർ അവഗണിക്കുകയാണെന്നും ഖാദി മേഖലയെ കൂടുതൽ മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കണമെന്നും ഉപവാസം ഉദ്ഘാടനം ചെയ്‌ത ഗാന്ധിയൻ പി. ഗോപിനാഥൻ നായർ പറഞ്ഞു. ബഡ്ജറ്റിൽ ഖാദി മേഖലയ്ക്കായി ഒന്നും നൽകാത്തത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എം.എൽ.എമാരായ വി.ഡി. സതീശൻ, എം. വിൻസെന്റ്, അനിൽ അക്കര, കേരളഖാദി ഗ്രാമ വ്യവസായ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കേശവൻ, സെക്രട്ടറി ഗോപാല പൊതുവാൾ, ഖാദി തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജോസഫ് പെരുംമ്പള്ളി, ഖാദി വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.പി. വിജയകുമാർ , കേരള ഖാദി വല്ലേജ് ഇൻഡ്ട്രീസ് അസോസയേഷൻ പ്രസിഡന്റ് ഗീത തുടങ്ങിയവർ സംസാരിച്ചു.