surakshaveli-kayarukond-k

കല്ലമ്പലം: കൊടും വളവിൽ അപകടഭീക്ഷണിയുയർത്തി ട്രാൻസ്‌ഫോർമർ. നാവായിക്കുളം - പള്ളിക്കൽ റോഡിൽ മരുതികുന്ന് ക്രിസ്ത്യൻ പള്ളിക്ക് സമീപമുള്ള ട്രാൻസ്ഫോർമറാണ് വാഹന യാത്രികർക്ക് ഭീഷണിയായിട്ടുള്ളത്‌. അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ നിയന്ത്രണം തെറ്റി ട്രാൻസ്ഫോർമറിൽ ഇടിച്ചുള്ള അപകടങ്ങൾക്ക് സാദ്ധ്യതയേറെയാണ്.

റോഡിന് വീതികൂട്ടലും വികസനവും കാലാകാലങ്ങളിൽ നടക്കുന്നുണ്ടെങ്കിലും വർഷങ്ങൾക്കുമുൻപ് സ്ഥാപിച്ച ട്രാൻസ്‌ഫോർമർ മാറ്റിസ്ഥാപിക്കാൻ നടപടിയുണ്ടായില്ല. പല സ്ഥലങ്ങളിലും ട്രാൻസ്‌ഫോർമറുകൾ റോഡിനോട് ചേർന്നാണ് സ്ഥാപിച്ചിരിക്കുന്നത്.

ട്രാൻസ്‌ഫോർമറുകൾ മാറ്റിസ്ഥാപിക്കുന്നത് ഭാരിച്ച ജോലിയായതിനാൽ പൂർവ സ്ഥാനത്ത് നിലനിറുത്തിയാണ് റോഡ്‌ നവീകരണം നടത്തിയത്. ഇത് റോഡുകളിൽ കൊടുംവളവുകൾക്ക് കാരണമായി.

ട്രാൻസ്‌ഫോർമറുകൾ പലതും പഴകിയും തുരുമ്പെടുത്തും സുരക്ഷാവേലിയില്ലാതെയും കാടും പടർപ്പും മൂടിയ നിലകളിലായിരുന്നു. ഇത് കേരളകൗമുദി റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്ന്‍ പല സ്ഥലങ്ങളിലും സുരക്ഷാവേലി നിർമ്മിക്കുകയും കാടും പടർപ്പും വെട്ടിമാറ്റി വെടിപ്പാക്കുകയും ചെയ്തെങ്കിലും പൂർണമായിട്ടില്ല. ചില സ്ഥലങ്ങളിൽ സുരക്ഷാവേലിയിൽ പെയിന്റടിക്കാനും തുടങ്ങിയിട്ടുണ്ട്. ഇത് രാത്രിയിലോടുന്ന വാഹനങ്ങൾക്ക് ഒരു പരിധിവരെ അപകടങ്ങളിൽപ്പെടാതിരിക്കാൻ സഹായകരമാകും. നാവായിക്കുളം - പള്ളിക്കൽ റോഡിൽ മുക്കടയിലും, മരുതികുന്നിലുമായി ഒരു കിലോമീറ്റർ ദൂരത്തിൽ രണ്ടിടത്താണ് അപകടകരമാംവിധം കൊടുംവളവിൽ ട്രാൻസ്‌ഫോർമർ നിലകൊള്ളുന്നത്. ഇവിടെ സുരക്ഷാവേലിയിൽ പെയിന്റടിച്ചിട്ടുമില്ല.

അപകട പരമ്പരകൾ ഇവിടെ ആവർത്തിക്കുമ്പോഴും അധികൃതരുടെ ഭാഗത്ത്‌ നിന്ന് യാതൊരുവിധ നടപടികളും ഉണ്ടാകാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ. നാവായിക്കുളം - പള്ളിക്കൽ റോഡിന്റെ നവീകരണം നടക്കുമ്പോൾ തന്നെ റോഡിലെ കൊടും വളവ് ലഘൂകരിച്ച് നിർമ്മാണം നടത്താൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനു പുല്ലുവിലപോലും നൽകാതെയാണ് റോഡ്‌ നവീകരണം പൂർത്തീകരിച്ചത്. മരുതികുന്നിൽ അപകടത്തിൽ തകർന്നുവീണ സുരക്ഷാവേലി വയർ കൊണ്ട് കെട്ടിനിറുത്തിയിരിക്കുകയാണ്. അപകടകരമായ നിലയിലുള്ള രണ്ട് ട്രാൻസ് ഫോർമറും മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.