അരുവിപ്പുറം: കേരള നവോത്ഥാനത്തിന്റെയും ഗുരുദേവ ദർശനങ്ങളുടെയും പ്രഭവകേന്ദ്രമായ അരുവിപ്പുറത്ത് ശിവരാത്രി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ മുതൽ 22 വരെ നടക്കുന്ന ഉത്സവത്തിൽ വിവിധ ശ്രീനാരായണപ്രസ്ഥാനങ്ങളുടെ പിന്തുണയോടെയാണ് സമ്മേളനങ്ങളും മറ്റ് പരിപാടികളും സംഘടിപ്പിച്ചിട്ടുള്ളതെന്ന് ശ്രീനാരായണ ട്രസ്റ്റ് ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.
വാർഷികമഹോത്സവത്തിന് നാളെ വൈകിട്ട് ആറിന് ശ്രീനാരായണട്രസ്റ്റ് ധർമ്മസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ കൊടിയേറ്റും. വൈകിട്ട് ഏഴിന് നടക്കുന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിശിഷ്ടാതിഥിയായിരിക്കും. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, കെ.ടി. ജലീൽ, കെ. രാജു, എ.പി. അനിൽകുമാർ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. സാമൂഹിക നീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. ബിജു പ്രഭാകർ, സംസ്ഥാന തുറമുഖ ഉൾനാടൻ ജലഗതാഗത കോർപറേഷൻ എം.ഡി എൻ. പ്രശാന്ത് എന്നിവർ സംസാരിക്കും. സ്വാമി സാന്ദ്രാനന്ദ സ്വാഗതവും സ്വാമി വിശാലാനന്ദ നന്ദിയും പറയും. എല്ലാദിവസവും നടക്കുന്ന സമ്മേളനങ്ങളിൽ പ്രമുഖർ പങ്കെടുക്കുമെന്ന് അരുവിപ്പുറം പ്രചാരസഭാ ചീഫ് കോ ഒാർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് അറിയിച്ചു. ഉത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും അന്നദാനവും പ്രത്യേക പൂജകളും ഉണ്ടാകും.